കെ-റെയിൽ: ഉദ്യോഗസ്ഥരെ അപമാനിച്ചതിന് കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്
text_fieldsചെങ്ങന്നൂര്‍: കെ-റെയിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനും കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പൊലീസ് കേസ്. സർവേക്കെത്തിയ വനിത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ കൊടിക്കുന്നില്‍ സുരേഷ് അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിൽ ഉദ്യോഗസ്ഥരോട് 'നിന്റെ തന്തയുടെ വകയാണോ ഈ സ്ഥലം' എന്ന് ചോദിക്കുന്നതും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഉദ്യോഗസ്ഥരെ തടഞ്ഞതിന് അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പ്രവേശന വാതിലിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനും പൊലീസ്, റവന്യൂ, കെ-റെയിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി സംസാരിച്ചതുമടക്കം മൂന്ന് വിഷയങ്ങളിൽ ഒന്നിച്ചാണ് കേസെടുത്തത്. വ്യാഴാഴ്ച മുളക്കുഴ പിരളശ്ശേരിയിൽ നടന്ന കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കൊടിക്കുന്നിൽ സുരേഷ് എം.പി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
സ്പീക്കർക്ക് പരാതി നൽകും -കൊടിക്കുന്നിൽ
ചെങ്ങന്നൂര്‍: കെ-റെയിൽ പ്രതിഷേധത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ ലോക്സഭ സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. കിടപ്പാടം ഒഴിപ്പിക്കപ്പെടുന്നത് എന്തിനെന്ന് ചോദിച്ച ഒരു ഹൃദ്രോഗിയെ പൊലീസ് മാർഗനിർദേശം പാലിക്കാതെ അറസ്റ്റ് ചെയ്തത് എം.പി എന്ന നിലയിൽ അന്വേഷിക്കാനാണ് ചെന്നത്. അത് പിണറായിയുടെ അനുചരന്മാരായ പൊലീസുകാർക്ക് ഇഷ്ടപ്പെട്ടില്ല. അതിനാലാണ് ഇപ്പോൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. കെ-റെയിൽ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ എന്നതിനുപകരം പിണറായി സർക്കാറിന്റെ അനുചരന്മാരായോ പെരുമാറുന്നത് ചൂണ്ടിക്കാട്ടി വിശദമായ പരാതി റെയിൽവേ മന്ത്രിക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.