കെ-റെയിലിന്‍റെ രക്ഷക്ക് സൈബർ പോരാട്ടം; ആളുകയറില്ലെന്ന പഠനറിപ്പോർട്ട് ഉയർത്തിയ വിവാദം തണുപ്പിക്കാൻ ശ്രമം
text_fieldsകോട്ടയം: കെ-റെയിലിൽ ആളുകയറില്ലെന്ന വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഉയർത്തിയ വിവാദം തണുപ്പിക്കാൻ കെ-റെയിലിന്‍റെ ശ്രമം. റിപ്പോർട്ടിന്‍റെ രണ്ടാം ഭാഗത്തിന്‍റെ നാലാം അധ്യായമായ ട്രാവൽ ഡിമാന്‍റ് ഫോർകാസ്റ്റ് മാത്രം വെബ്സൈറ്റ് വഴി പുറത്തുവിട്ടാണ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സർക്കാർ അനുകൂലികൾ കെ-റെയിലിന്‍റെ രക്ഷക്ക് സൈബർ പോരാട്ടവും തുടങ്ങിക്കഴിഞ്ഞു.
തിരുവനന്തപുരത്തുനിനും കാസർകോടിനുമിടയിൽ നിലവിൽ ട്രെയിനിൽ യാത്രചെയ്യുന്നവരിൽ വെറും 4.3 ശതമാനം പേർ മാത്രമെ സെമി ഹൈ സ്പീഡ് റെയിലിലേക്കു മാറുകയുള്ളൂവെന്നാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയ ഫ്രഞ്ച് കമ്പനി സിസ്ട്രയുടെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
2019 മേയ് 20ന് കേരള റെയിൽ ഡവലപ്മെൻ്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ 069/KRDCL/2019 എന്ന കത്തിലൂടെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച സിസ്ട്രയുടെ സാധ്യതാ പഠന റിപ്പോർട്ടിന്‍റെ 85–ാം പേജിൽ വളരെ കൃത്യമായി 4.3 യാത്രക്കാർ മാത്രമേ അതിവേഗ റെയിൽ ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിന്‍റെ പക്കലുള്ള സിസ്ട്രയുടെ ഔദ്യോഗിക പദ്ധതി രേഖയാണ് 329 പേജുള്ള 'feasibility report for semi high speed corridor from thiruvananthapuram to kasargode' എന്ന പേരിലുള്ള റിപ്പോർട്ട്. ഇതിലുള്ള പലകാര്യങ്ങളും പൊതുസമൂഹത്തിന് അസ്വീകാര്യമാണെന്ന് കണ്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ കെ-റെയിൽ തയാറായിട്ടില്ല.
എന്നാൽ, കെ-റെയിലിനെ അനുകൂലിക്കുന്നവർക്ക് ഉപയോഗിക്കാൻ ആവശ്യമായ കണക്കുകൾ പലതരത്തിലും പുറത്തുവിടുകയും ചെയ്യുന്നു. 2019 മാർച്ച് 18ലെ പ്രിലിമിനറി ഫീസിബിലിറ്റി റിപ്പോർട്ടും, 2019 മേയ് 15ലെ ഫീസിബിലിറ്റി റിപ്പോർട്ടും, സർക്കാറിനും കെ-റെയിലിനും പൂർണ്ണമായി ലഭ്യമായിട്ടില്ലെന്ന് കരുതപ്പെടുന്ന ഡീറ്റയിൽഡ് േപ്രാജക്റ്റ് റിപ്പോർട്ടും പുറത്തുവന്നാൽ മാത്രമെ സിസ്ട്രയുടെ റിപ്പോർട്ടിൽ കെ-റെയിൽ നടത്തിയിരിക്കുന്ന തിരിമറികൾ പൂർണ്ണമായി വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.