കെ.റെയിൽ: കമീഷൻ തട്ടാൻ പുതിയ സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കെ.റെയിലിൽ നിലവിൽ കമീഷൻ തട്ടാൻ സാധിക്കുന്നില്ലെന്നറിഞ്ഞതോടെ പുതിയ സൂത്രവുമായി ഇറങ്ങിയിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ പരിഗണിക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇ.ശ്രീധരൻ കൊടുത്ത പേപ്പർ എന്താണെന്ന് ആർക്കുമറിയില്ല. അത് എന്താണെന്ന് ആദ്യം പുറത്തുവിടട്ടെ. എന്നിട്ടാകാം അതിൻമേലുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കെ.വി.തോമസും ശ്രീധരനും പറയുന്നതിനപ്പുറത്തേക്ക് അതിൽ ഒരു വ്യക്തതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ അഭിമുഖീകരിക്കാൻ തയാറാകണം. 150 ദിവസത്തിലേറെയായി അദ്ദേഹം പത്രക്കാരെ കണ്ടിട്ട്. അദ്ദേഹം മൗനത്തിൽ നിന്ന് പുറത്തുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ തടയിട്ടതോടെ ഇ. ശ്രീധരനെ മുൻനിർത്തിയുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അദ്ദേഹം നൽകിയ ബദൽ നിർദേശങ്ങൾ പരിഗണിച്ച് ഡി.പി.ആറിലടക്കം മാറ്റങ്ങൾ വരുത്താനാണ് നീക്കം. അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ തയാറാക്കി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. വായ്പ സാധ്യതയുള്ള പദ്ധതിയാണ് ശ്രീധരന്റെ കുറിപ്പിലുള്ളത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 350 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാവുന്ന റെയില്‍ പാത തുടങ്ങുമ്പോൾ സെമിസ്പീഡാകണമെന്നും പിന്നീട് ഹൈസ്പീഡിലേക്ക് ഉയർത്താൻ കഴിയണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഭൂമിക്ക് മുകളിൽ തൂണുകളിലൂടെയും ഭൂമിക്കടിയിലൂടെയുമാകണം പാളം. വൻ മതിലുകൾ ഒഴിവാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.