സി.പി.എം എതിർക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിലിനെ വികസന ഉദാഹരണമായി ചൂണ്ടിക്കാട്ടി കെ-റെയിൽ
text_fieldsകോഴിക്കോട്: സി.പി.എം എതിർക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയെ വികസനത്തിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാട്ടി കേരള റെയിൽ ഡെവലെപ്മെന്‍റ് കോർപറേഷന്‍റെ ഫേസ്ബുക് പോസ്റ്റ്. 'ഒരു നാടിന്റെ വികസനത്തിന് ആ നാട്ടിലെ ഗതാഗത സംവിധാനങ്ങൾക്കും വലിയ പങ്കുണ്ട്' എന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷി എതിർക്കുന്ന പദ്ധതിയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇങ്ങ് കേരളത്തിൽ എത്രയെത്ര വാദങ്ങളും എതിർപ്പുകളുമാണ് ഉയരുന്നതെന്നും കുറിപ്പിനൊപ്പം പങ്കുവെച്ച പോസ്റ്ററിൽ പറയുന്നു.
'ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിവേഗ/ അർധ-അതിവേഗ റെയിൽ പദ്ധതികൾ വരുന്നുണ്ട്. രാജ്യമൊട്ടാകെ 400 വന്ദേഭാരത് ട്രെയിനുകൾ ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൂടാതെയാണ് പല നഗരങ്ങൾക്കിടയിലും അതിവേഗ റെയിൽ പദ്ധതികളും കൊണ്ടുവരുന്നത്. ഒരു നാടിന്റെ വികസനത്തിന് ആ നാട്ടിലെ ഗതാഗത സംവിധാനങ്ങൾക്കും വലിയ പങ്കുണ്ട്. ഗതാഗതമേഖലയിലുണ്ടാകുന്ന വേഗം നാടിന്റെ വികസനത്തിലും പ്രതിഫലിക്കും' -കെ-റെയിൽ പോസ്റ്റിൽ പറയുന്നു. ഇതിനൊപ്പമാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് 11 പദ്ധതികളും പട്ടികപ്പെടുത്തിയിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയെ നഖശിഖാന്തം എതിർക്കുകയാണ് സി.പി.എം. മഹാരാഷ്ട്രയിലും ഗുജറാത്തിലും വൻതോതിൽ ഭൂമി ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതി വരേണ്യവർഗത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം എതിർക്കുന്നത്. ഇതിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികൾക്ക് മഹാരാഷ്ട്രയിൽ സി.പി.എം നേതൃത്വം നൽകിയിട്ടുമുണ്ട്.
സി.പി.എം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻ സഭാ നേതാവും സി.പി.എം പൊളിറ്റ്ബ്യുറോ അംഗവുമായ അശോക് ധാവ്‌ലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. കർഷകരുടെ ഭൂമി വിട്ട് നൽകില്ലെന്നും പദ്ധതി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നും പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.