കെ-റെയിൽ: ചെലവ് കുറക്കാൻ ആദ്യം നിശ്ചയിച്ചതിനേക്കാൾ നഷ്ടപരിഹാരം കുറച്ചു
text_fieldsകോട്ടയം: കെ-റെയിൽ പദ്ധതിയുടെ ചെലവ് കുറക്കാൻ ആദ്യം നിശ്ചയിച്ച നഷ്ടപരിഹാരത്തിൽ കുറവുവരുത്തിയതായി രേഖകൾ. സിൽവർ ലൈനിന്റെ സാധ്യതപഠനം നടത്തിയ ഫ്രഞ്ച് കമ്പനി സിസ്ട്ര കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനിലൂടെ സംസ്ഥാന സർക്കാറിന് നൽകിയ ആദ്യ സാധ്യതപഠന റിപ്പോർട്ടിൽ വകയിരുത്തിയതിലും കുറവുതുകയാണ് രണ്ടുമാസത്തിന് ശേഷം നൽകിയ അന്തിമ സാധ്യതപഠന റിപ്പോർട്ടിൽ ഉള്ളത്.
2019 മാർച്ച് 18ന് നൽകിയ ആദ്യ റിപ്പോർട്ട് പ്രകാരം മൂലധന ചെലവ് 63,962 കോടിയും നികുതികൾ 7023 കോടിയും 2019 ലെ വില നിലവാരമനുസരിച്ചുള്ള ചെലവ് 70,985 കോടി രൂപയും പദ്ധതി പൂർത്തിയാകുമ്പോൾ 84,176 കോടി രൂപയുമാകുമെന്നാണ് കണക്കാക്കിയത്.
എന്നാൽ, 2019 മേയ് 15ന് സമർപ്പിച്ച അന്തിമ സാധ്യതപഠന റിപ്പോർട്ടിൽ മൂലധന ചെലവ് 50,289 കോടി രൂപയും നികുതികൾ 5476 കോടിയും 2019 ലെ വില നിലവാരമനുസരിച്ചുള്ള ചെലവ് 55,765 കോടിയും പദ്ധതി പൂർത്തിയാകുമ്പോൾ 66,079 കോടി രൂപയുമാകുമെന്ന് കണക്കാക്കിയിരിക്കുന്നു. ആദ്യ റിപ്പോർട്ടിൽ 1038 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർദേശിച്ചത്. ഇതിന് 15,538 കോടി രൂപ നീക്കിവെക്കാനും നിർദേശിച്ചു. രണ്ടാമത്തെ റിപ്പോർട്ടിൽ ഭൂമിയുടെ വിസ്തീർണം 1138 ഹെക്ടറായി. എന്നാൽ, നഷ്ടപരിഹാര തുക 13,119 കോടിയായി കുറഞ്ഞു. 100 ഹെക്ടർ ഭൂമി അധികമായി ഏറ്റെടുക്കുമ്പോൾ ഇതിനുള്ള തുകയിൽ 2419 കോടിയുടെ കുറവാണ് വരുത്തിയത്.
2019ലെ വിപണി നിലവാരമനുസരിച്ച് 25.85 കി.മീ. ടണൽ പണിയാൻ കണക്കാക്കിയത് 2923.26 കോടി രൂപയാണ്. ഒരു കി.മീറ്റർ ടണലിന്റെ നിർമാണ ചെലവ് 113 കോടി. 57.04 കി.മീ. ആകാശപാത നിർമിക്കാൻ 4789.40 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 13.03 കി.മീ. പാത എട്ട് മീറ്റർ ഉയരത്തിലാണ്. 10 മീറ്റർ ഉയരത്തിൽ 25.24 കി.മീറ്ററും 15 മീറ്റർ ഉയരത്തിൽ 8.94 കി.മീറ്ററും 20 മീറ്റർ ഉയരത്തിൽ 9.83 കി.മീറ്ററും പാത കടന്നുപോകും.
എട്ടുമീറ്റർ ഉയരത്തിൽ ഒരു കി.മീറ്റർ പാത നിർമിക്കാൻ 60.02 കോടി രൂപയും 10 മീറ്റർ ഉയരത്തിൽ 75.03 കോടിയും 15 മീറ്ററിന്റേത് 110.54 കോടിയും 20 മീറ്റർ പൊക്കത്തിൽ ഒരുകി.മീ. പാത നിർമിക്കാൻ 114.58 കോടി രൂപയുമാണ് ചെലവ്. രണ്ടു മുതൽ ആറുമീറ്റർ വരെ ഉയരത്തിലാകും പാളത്തിനുള്ള വന്മതിൽ നിർമിക്കുക. 236.33 കി.മീ. ദൂരത്തിൽ സ്ഥാപിക്കുന്ന ഇതിന് 6031.27 കോടി രൂപ ചെലവാകും.
രണ്ടുമുതൽ എട്ടുവരെ മീറ്റർ ഉയരത്തിൽ 200.22 കി.മീ. ദൂരത്തിൽ പാറയും മണ്ണും ഇടിച്ചുപണിയുന്ന കട്ടിങ്ങിനായി 1558.28 കോടി രൂപയും 718 മേൽപാലങ്ങൾക്ക് മേൽപാലം ഒന്നിന് എട്ട് കോടി നിരക്കിൽ 5744 കോടിയുമടക്കം സിവിൽ നിർമാണച്ചെലവ് 21,573.22 കോടി രൂപയാണ് റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.