കെ-റെയിൽ: ബഫർസോണിൽ വീടിന്റെ രണ്ടാം നിലക്ക് നിർമാണ വിലക്ക്, ഒടുവിൽ അനുമതി
text_fieldsകോട്ടയം: സിൽവർ ലൈൻ അലൈൻമെന്റിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെ, ബഫർസോണിൽ ഉൾപ്പെടുന്ന വീടിനു നിർമാണ വിലക്ക്. രണ്ടാംനില പണിയാൻ ബിൽഡിങ് പെർമിറ്റിനായി പഞ്ചായത്തിനെ സമീപിച്ച കുടുംബത്തെ കെ-റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇത് വാർത്തയായതോടെ, അനുമതി ആവശ്യമില്ലെന്ന് വിശദീകരിച്ച് കെ-റെയിൽ രംഗത്തെത്തി. ഇതിനു പിന്നാലെ പഞ്ചായത്ത് നിർമാണ അനുമതി നൽകി.
കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരക്കൽ ജിമ്മി ഈശോ മാത്യുവാണ് വീടിന്റെ മുകളിൽ രണ്ട് മുറി നിർമിക്കാൻ അനുമതിതേടി ഫെബ്രുവരിയിൽ പനച്ചിക്കാട് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. പരിശോധനയിൽ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശമായതിനാൽ പഞ്ചായത്തിന് അനുമതി നൽകാനാവില്ലെന്നും കെ-റെയിലിന്റെ എൻ.ഒ.സി വേണമെന്നും സെക്രട്ടറി അറിയിക്കുകയായിരുന്നുവെന്ന് ജിമ്മി പറഞ്ഞു. ഇതിനായി കെ-റെയിൽ ഓഫിസുമായി ബന്ധപ്പെട്ടാനും നിർദേശിച്ചു. എൻ.ഒ.സി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർലൈൻ തഹൽസിൽദാർക്ക് കത്തും നൽകി.
ഇതുമായി ഇവർ കലക്ടറേറ്റിലെ കെ-റെയിൽ സ്പെഷൽ തഹൽസിൽദാർ ഓഫിസിൽ അപേക്ഷ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. നിരവധി തവണ ഓഫിസിലെത്തിയ ഇവർ പലതവണ തഹൽസിൽദാറെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുമാസം പിന്നിട്ടിട്ടും അപേക്ഷയിൽ തീരുമാനമാകാതെ വന്നതോടെ ഇക്കാര്യം ജിമ്മിയുടെ കുടുംബം മാധ്യമങ്ങളെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തും പുറത്തുവന്നു. ഇതോടെ വിഷയം ചർച്ചയായി. സമീപവാസികളും ആശങ്കയുമായി രംഗത്തെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ളവരും സ്ഥലത്തെത്തി. ഇതിനിടെ, കത്തും അപേക്ഷയും കെ-റെയിലിന്റെ മുഖ്യഓഫിസിന് കൈമാറിയിരിക്കുകയാണെന്ന് തഹൽസിൽദാർ അറിയിച്ചു.
ഇതിനു പിന്നാലെ പരിസ്ഥിതി ആഘാതപഠനത്തിനുള്ള സർവേയാണ് നടക്കുന്നതെന്നും നിർമാണത്തിന് അനുമതി ആവശ്യമില്ലെന്നുമുള്ള കെ-റെയിലിന്റെ വിശദീകരണം വന്നു. രണ്ടാംനില പണിയാൻ കെ-റെയിലിന്റെ അനുമതി വേണ്ട. സ്ഥലം ഏറ്റെടുക്കാത്തതിനാൽ നിർമാണത്തിന് തടസ്സവുമില്ലെന്നും ഇവർ അറിയിച്ചു. ഇതോടെ ബിൽഡിങ് പെർമിറ്റ് ഉടൻ നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺകുമാർ അറിയിച്ചു. സർക്കാർ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും കെ-റെയിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ നിർമാണത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചെന്നും സെക്രട്ടറി പറഞ്ഞു. കെ-റെയിൽ അധികൃതർ കത്തിന് മറുപടി നൽകിയിരുന്നെങ്കിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചയോടെ പഞ്ചായത്ത് ഓഫിസിലെത്തിയ ജിമ്മിക്ക് 757 രൂപ ഫീസ് അടച്ചതിനു പിന്നാലെ പെർമിറ്റ് നൽകുകയും ചെയ്തു.
ഇതിനിടെ, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫും പഞ്ചായത്തും സെക്രട്ടറിയും ചേർന്ന ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.