കെ-റെയിൽ: സി.പി.ഐക്കും എതിർക്കേണ്ടിവരുമെന്ന് സമരസമിതി
text_fieldsകൊച്ചി: നിയമസഭയിൽ ചർച്ച ചെയ്താൽ സി.പി.ഐ എം.എൽ.എമാർക്കും സിൽവർ ലൈനെ എതിർക്കേണ്ടിവരുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി. പദ്ധതിയുടെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തിയില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങും. കോവിഡിന്റെ മറവിൽ ജനകീയപ്രക്ഷോഭം അടിച്ചമർത്താൻ നോക്കുന്ന സർക്കാർ നയം ജനാധിപത്യവിരുദ്ധമാണ്. ജനം പ്രതിഷേധിക്കുന്നത് നഷ്ടപരിഹാരത്തിനുവേണ്ടിയല്ല. മറിച്ച്, ജനങ്ങൾക്കും പരിസ്ഥിതിക്കും വരുന്ന ആഘാതത്തിനെതിരെയാണ്. കെ-റെയിൽ വേണോ കേരളം വേണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഹൈകോടതിയിൽ കേസ് കൊടുത്തപ്പോഴാണ് സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ തീരുമാനിച്ചത്.
പരിസ്ഥിതി സമരങ്ങൾക്കൊപ്പം നിന്ന മന്ത്രി പി. പ്രസാദ് സ്ഥാനം വിട്ടെറിഞ്ഞ് പരിസ്ഥിതിവാദികൾക്കൊപ്പം നിന്ന് കെ-റെയിലിനെ എതിർത്താൽ വലിയ ജനകീയ അംഗീകാരം ലഭിക്കും. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കെ-റെയിൽ എം.ഡിക്ക് മറുപടി പറയാൻ കഴിയുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി ജനറൽ കൺവീനർ എസ്. രാജീവൻ, ചെയർമാൻ എം.പി. ബാബുരാജ്, വിനു കുര്യാക്കേസ്, ശരണ്യ രാജ്, ഇ.പി. ഗോപീകൃഷ്ണൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.