കെ റെയിൽ സംവാദം നടന്നു; അനുകൂലിക്കാൻ മൂന്നു പേർ, എതിർക്കാൻ ഒരാൾ മാത്രം
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കിടെ കെ. റെയിൽ അധികൃതർ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച സംവാദം നടന്നു. രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം നടന്നത്. മുൻ റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ, ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും പദ്ധതിയെ എതിർത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോനും സംസാരിച്ചു.
ജോസഫ് സി. മാത്യുവിനെ സംവാദത്തിലേക്ക് ക്ഷണിച്ച ശേഷം കാരണമൊന്നും പറയാതെ ഒഴിവാക്കിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. പിന്നാലെ സംവാദത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച് അലോക്വർമയും ജോസഫ് സി. മാത്യുവിന് പകരക്കാരനായി നിശ്ചയിച്ച ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്ന് പിന്മാറി. പകരക്കാരെ കണ്ടെത്താൻ ശ്രമം നടന്നെങ്കിലും അവസാന നിമിഷത്തിലെ അപ്രായോഗികത കണക്കിലെടുത്ത് നിലവിലുള്ളവരെ ഉൾപ്പെടുത്തി സംവാദത്തിന് തീരുമാനിക്കുകയായിരുന്നു.
സർക്കാർ സംവാദമെന്ന നിലയിലാണ് ക്ഷണിച്ചതെങ്കിലും പിന്നീട് പിന്മാറിയെന്നാണ് അലോക് വർമ ഉയർത്തിയ വിമർശനം. എന്നാൽ കെ റെയിൽ തന്നെയാണ് തുടക്കം മുതൽ സംവാദത്തിന്റെ കാര്യങ്ങൾ മുന്നോട്ടുനീക്കിയതെന്നും സർക്കാർ ഇടപെട്ടിട്ടില്ലെന്നുമാണ് മറുവാദം. ഈ സാഹചര്യത്തിലാണ് അലോക് വർമയുടെ കത്തിന് സർക്കാർ മറുപടി നൽകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.