കെ റെയിൽ സംവാദം: സർക്കാർ അനുകൂലികളും കൂറുമാറിയെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: കെ-റെയില്‍ സംവാദത്തില്‍ സര്‍ക്കാറിനുവേണ്ടി വാദിക്കാന്‍ വന്നവരും കൂറുമാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആര്‍.വി.ജി. മേനോന്‍ സൗമ്യമായി 10 മിനിറ്റ് സംസാരിച്ച ലളിതമായ വാക്കുകള്‍ മാത്രംമതി ഇതുവരെ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ എല്ലാ വന്മതിലുകളും വീഴാന്‍. യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് അദ്ദേഹവും ഉന്നയിച്ചത്. വീടുകളില്‍ കയറി കല്ലിടുന്നതിനെതിരെ അവര്‍ക്ക് ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടി വന്നു.
കൊച്ചിയിൽ ഇറച്ചിമുറിക്കുന്ന യന്ത്രത്തിൽ സ്വര്‍ണം കടത്തിയ കേസ് കസ്റ്റംസ് അന്വേഷിക്കുകയാണ്. കേസില്‍ പ്രതിചേർത്ത തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനായ ലീഗ് നേതാവിന്‍റെ മകന്‍ ഡി.വൈ.എഫ്.ഐക്കാരനാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നയാളാണ്. ലീഗ് നേതാവിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കസ്റ്റംസ് ഇതുവരെ പറഞ്ഞിട്ടില്ല. മക്കള്‍ ചെയ്ത കേസിന് പിതാക്കന്മാരെ കുറ്റവാളികളാക്കണമെങ്കില്‍ കേരളത്തില്‍ ആദ്യം ജയിലില്‍ പോകേണ്ടത് ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ തീരുമാനിച്ചോയെന്നും അദ്ദേഹം പറഞ്ഞു.
കെ.വി. തോമസിനെതിരായ എ.ഐ.സി.സി നടപടിയെ സ്വാഗതംചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. അന്തരിച്ച തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസിനെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് ഇരുവരും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണന പട്ടികയിലാണ്. എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.