സംരക്ഷണം ആവശ്യപ്പെട്ട് കെ-റെയിൽ; പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാൻ നീക്കം. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം തേടി കെ-റെയില്‍ സർക്കാറിന് നൽകിയ കത്തിൽ ഉടൻ തീരുമാനമുണ്ടാകും.
ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ഡി.ജി.പി പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് കെ-റെയിലിന്റെ കത്ത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യത്തിലാണ് കത്ത്.
ഇനി മുതല്‍ ഒരു സ്ഥലത്ത് കല്ലിടാനെത്തുന്നതിനുമുമ്പായി കെ- റെയിൽ ഉദ്യോഗസ്ഥർ അതത് ജില്ല പൊലീസ് മേധാവികൾക്ക് കത്ത് നല്‍കും. കത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി പൊലീസിനെ വിന്യസിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത.
സംരക്ഷണം നൽകിയില്ലെങ്കിൽ പദ്ധതി പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നും കെ-റെയിൽ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ-റെയിൽനീക്കം.
കല്ലിടൽ നടപടിക്ക് തടസ്സം നിൽക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു. എന്നാൽ, ആരു വന്നാലും സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. കെ-റെയിലിന്റെ ആവശ്യം അംഗീകരിച്ച് പൊലീസ് നടപടി ശക്തമാക്കിയാൽ അത് സംസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.