സിൽവർ ലൈൻ വിശദാംശങ്ങൾ കെ റെയിൽ നൽകിയില്ല; പദ്ധതിക്കെതിരെ നിരവധി പരാതികൾ -കേന്ദ്രം
text_fieldsന്യൂഡൽഹി: സിൽവർ ലൈനിന്‍റെ വിശദമായ സാങ്കേതിക രേഖകൾ ലഭ്യമാക്കാൻ കെ -റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അത് സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തെ കനത്ത കടക്കെണിയിലാക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. വിശദ പദ്ധതി രേഖയിൽ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങൾ ലഭ്യമല്ല. അലൈൻമെന്റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകൾ തുടങ്ങിയ വിവരങ്ങൾ കിട്ടിയിട്ടില്ല. കെ.ആർ.ഡി.സി.എല്ലിൽനിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം മണ്ണിന്‍റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പരസ്പര പ്രവർത്തനക്ഷമത, കടബാധ്യത മുതലായവ പരിശോധിക്കും.
പദ്ധതിക്കെതിരെ റെയിൽവേ മന്ത്രാലയത്തിൽ നിരവധി പരാതികളും ആക്ഷേപങ്ങളും ലഭിക്കുന്നുണ്ട്. ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:-
(i) ആയിരക്കണക്കിന് ഹെക്ടർ കൃഷിയോഗ്യമായ ഭൂമി, 20,000 വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും
(ii) അങ്കമാലി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ റെയിൽവേ സൈഡിങ്ങുകളുടെ വിപുലീകരണത്തിന് സിൽവർ ലൈൻ തടസ്സമാകും
(iii) നിർദിഷ്ട അലൈൻമെന്റ് നിരവധി മതപരമായ സ്ഥാപനങ്ങളെ തകർക്കും
(iv) സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്ന നിർദിഷ്ട ട്രാക്ക് അതിനാൽ നിലവിലുള്ള റെയിൽവേ ട്രാക്ക് ശൃംഖലയുമായി സംയോജിപ്പിക്കാൻ കഴിയില്ല
(vi) കേരള സർക്കാറിന് ഒരു വലിയ തുക കടമുണ്ട്. ശമ്പളവും പെൻഷനും നൽകാൻ പോലും സർക്കാർ വലിയ തുക കടമെടുക്കുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതി കേരള സർക്കാറിന് കനത്ത നഷ്ടമാകും
(vii) നിലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന റെയിൽ വേ പദ്ധതികൾക്ക് അനുസൃതമായി സിൽവർ ലൈൻ ക്രമീകരിക്കണം
കെ റെയിലിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം പാരാതികൾക്കാധാരമായ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.