കെ-റെയിൽ: ഊഹക്കണക്കുകൾ നിറച്ച് ഡി.പി.ആർ
text_fieldsകോട്ടയം: ഓരോ പദ്ധതിയുടെയും സൂക്ഷ്മമായ വിവരങ്ങൾ ഉൾപ്പെടുന്നതാണ് വിശദ പദ്ധതി രൂപരേഖ (ഡി.പി.ആർ) എന്നിരിക്കെ, കെ-റെയിലിന്‍റെ പേരിൽ പുറത്തുവിട്ട ഡി.പി.ആറിൽ നിറഞ്ഞിരിക്കുന്നത് ഊഹക്കണക്കുകൾ മാത്രം. പദ്ധതിരേഖയുടെ പതിനഞ്ചാം അധ്യായത്തിലെ 22–ാം പേജിൽ ബേസിസ് ഓഫ് ക്യാപ്പിറ്റൽ കോസ്റ്റ് എസ്റ്റിമേഷൻ എന്ന തലക്കെട്ടിനു കീഴിൽ വരുന്ന വിവരങ്ങളിൽ മിക്കതും കൃത്യമായ പരിശോധനകളുടെയും കണക്കു കൂട്ടലുകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയവയല്ലെന്ന് നിർമാണ രംഗത്തെ വിദഗ്ധരും റെയിൽവെ എഞ്ചിനീയർമാരും പറയുന്നു.
മൺതിട്ട എന്ന വൻമതിൽ, മണ്ണുതുരന്ന് അടച്ച് ടണൽ പോലെയാക്കുന്ന കട്ട് ആന്‍റ് കവർ, മലയിടിക്കൽ എന്ന കട്ടിങള, ആകാശപാത, തുരങ്കം, ട്രയിൻ ബോഗി, റെയിൽപാളങ്ങൾ, സിഗ്നലിങ്, ഡിപ്പോ എന്നിവയുടെ മൂലധന ചെലവ് കണ്ടെത്തിയിരിക്കുന്നത് സമാനമായ മറ്റു നിർമാണങ്ങളിൽ വന്നിരിക്കുന്ന ചെലവുകളെ അടിസ്ഥാനമാക്കിയാണെന്നു ഡി.പി.ആർ. തയാറാക്കിയ ഫ്രഞ്ച് കൺസൾട്ടിങ് കമ്പനി സിസ്ട്ര തന്നെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നാളിതുവരെ സിസ്ട്ര ഇന്ത്യയിൽ ഒരിടത്തും അതിവേഗപാതയുടേയോ അർധ അതിവേഗപാതയുടേയോ നിർമ്മാണം ഏറ്റെടുത്തു നടത്തുകയോ അത്തരം പദ്ധതികൾക്കായി വിശദമായ എസ്റ്റിമേറ്റ്റ്റ് എടുക്കുകയോ ചെയ്തിട്ടില്ല.
കെ-റെയിലിലെ പതിനൊന്നു സ്റ്റേഷനുകളുടെയും നിർമാണ ചെലവു കണക്കാക്കിയിരിക്കുന്നത് അതാത് സ്റ്റേഷനുകളുടെ നീളത്തിന്‍റെയും വീതിയുടെയും മാത്രം അടിസ്ഥാനത്തിലാണ്. 20 മീറ്റർ താഴ്ചയിൽ മണ്ണെടുത്ത് റെയിലിടാൻ ഒരു കിലോമീറ്ററിന് 33.30 കോടി, എട്ടു മീറ്റർ പൊക്കത്തിൽ ആകാശപാതക്ക് 33.50 കോടി, 10 മീറ്റർ പൊക്കത്തിൽ ആകാശപാതക്ക് 38.80 കോടി, 15 മീറ്റർ പൊക്കത്തിൽ ആകാശപാതക്ക് 39.30 കോടി, 20 മീറ്റർ പൊക്കത്തിൽ ആകാശപാതക്ക് 50.00 കോടി രണ്ടു മീറ്റർ പൊക്കത്തിൽ മൺതിട്ട നിർമിച്ച് പാളമിടാൻ 3.80 കോടി, മൂന്നു മീറ്റർ പൊക്കത്തിൽ 6.80 കോടി, 3.5 മീറ്റർ പൊക്കത്തിൽ 8.20 കോടി, നാലു മീറ്റർ പൊക്കത്തിൽ 10.50 കോടി, അഞ്ചു മീറ്റർ പൊക്കത്തിൽ 12.90, ആറു മീറ്റർ പൊക്കത്തിൽ 12.20, ഏഴു മീറ്റർ പൊക്കത്തിൽ, 19.30 കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ നിർമാണം നടത്തുമ്പോൾ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് നിർമാണ ചെലവിൽ വ്യതിയാനമുണ്ടാകുമെന്ന പ്രാഥമിക തത്വംപോലും പാലിക്കാതെയാണ് ഇത്തരത്തിൽ ചെലവ് കണക്കാക്കിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി പണിയുന്ന 11.53 കിലോമീറ്റർ തുരങ്കത്തിനായി 1325.72 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ, തൃശൂർ- പാലക്കാട് ദേശീയ പാതയിൽ എട്ടുവർഷം മുമ്പ് പണിതുടങ്ങിയ, 992 മീറ്റർ നീളവും 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുള്ള കുതിരാൻ ഇരട്ടതുരങ്കത്തിനായി 200 കോടിയാണ് ചെലവാക്കിയത്. ഈ കണക്ക് പരിഗണിച്ചാൽപോലും 11.53 നീളം വരുന്ന സിൽവർ ലൈനിലെ തുരങ്കങ്ങൾക്ക് 2300 കോടി രൂപയെങ്കിലും ചെലവു വരും.
എന്നിട്ടാണ് കിലോമീറ്ററിന് 115 കോടി എന്ന നിരക്കിൽ സിൽവർലൈനിനായി തുരങ്കം നിർമിക്കാമെന്ന അവകാശവാദവുമായി ഡി.പി.ആർ പുറത്തിറങ്ങിയിരിക്കുന്നത്. വിശദമായ പദ്ധതി രൂപരേഖയിൽ 2020 ലെ കണക്കു പ്രകാരം പദ്ധതി ചെലവ് 63940.67 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. 2022 ൽ പുറത്തുവിട്ടപ്പോഴും നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ പദ്ധതി തുക പുതുക്കി നിശ്ചയിച്ചിട്ടില്ല.
ഊഹക്കണക്കിലാണ് പദ്ധതി ഉണ്ടാക്കിയതെങ്കിലും പദ്ധതി ചെലവിന്‍റെ രണ്ടു ശതമാനമായ 672.54 കോടി രൂപ ഡിസൈൻ ഇനത്തിലും നാലുശതമാനമായ 1345 കോടി രൂപ പദ്ധതി മാനേജ്മെന്റ് ഇനത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.