കെ റെയിൽ: രാജ്യസഭയിൽ എളമരം കരീമും കെ.സി വേണുഗോപാലും നേർക്കുനേർ
text_fieldsന്യൂഡൽഹി: 'സിൽവർ ലൈൻ' പാതക്ക് അനുമതി നൽകണമെന്ന ആവശ്യത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീമിന്‍റെ ആവശ്യം അനുവദിക്കരുതെന്ന് പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തുവന്നു. അതേക്കുറിച്ച് സഭയിൽ വിവാദം വേണ്ടെന്നും സർക്കാർ പദ്ധതി പഠിക്കട്ടെയെന്നും ഗുണദോഷങ്ങൾ എല്ലാം പരിശോധിച്ച് അന്തിമ തീരുമാനം എടുക്കട്ടെ എന്നും പറഞ്ഞ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു ബഹളത്തിന് തടയിട്ടു.
അർധ അതിവേഗ റയിൽ പാത നാല് മണിക്കൂർ കൊണ്ട് കേരളത്തിലെ രണ്ട് അറ്റങ്ങളെയും നാല് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്നതാണെന്നും നിലവിൽ അത് 10 മുതൽ 12 മണിക്കൂർ വരെയാണെന്നും എളമരം കരീം പറഞ്ഞു. 200 കിലോ മീറ്റർ വേഗത്തിൽ ഒരു ദിവസം 80,000 പേർക്ക് യാത്ര ചെയ്യാനുള്ളതാണിത്. സാധ്യതാപഠനം 2019ൽ നടന്നിട്ടുണ്ട്. റയിൽവെ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. 2019 ജൂണിൽ വിശദ പദ്ധതി റിപ്പോർട്ട് റയിൽവെ മന്ത്രാലയത്തിന് സമർപ്പിച്ചതാണെന്നും കരീം തുടർന്നു.
പദ്ധതിയുടെ തയാറടെുപ്പിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണെന്ന് കൂടി കരീം പറഞ്ഞതോടെ വേണുഗോപാൽ പ്രതിഷേധവുമായി എഴുന്നേറ്റു. വേണുഗോപാൽ എന്താണ് പറയുന്നതെന്ന് ചെയർമാൻ നായിഡു ചോദിക്കുകയും ചെയ്തു. അതിനെ കരീം ചോദ്യം ചെയ്തപ്പോൾ എല്ലാവർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് നായിഡു തള്ളി.
പരിസ്ഥിതിക്ക് ഈ പദ്ധതി വരുത്തുന്ന ആഘാതങ്ങൾ പരിഗണിക്കാതെ കേരള സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരളം ഒന്നടങ്കം ഈ പദ്ധതിക്ക് എതിരാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.