കെ റെയിൽ: എം.പിമാരെ മർദിച്ചത് കമീഷൻ വീതം വെപ്പിൽ മോദി -പിണറായി ധാരണയുടെ തെളിവ് -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: കെ - റയിൽ പദ്ധതിയ്‌ക്കെതിരെ പാർലമെന്റ് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരുടെ മേൽ പൊലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. കെ-റയിൽ കമ്മീഷൻ വീതം വെപ്പിൽ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ധാരണയായെന്നാണ് ഈ മർദനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..
പിണറായി വിജയൻ - നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തിൽ നടത്തിക്കില്ല. ജനങ്ങൾക്ക് വേണ്ടി സമരം ചെയ്ത യു.ഡി.എഫ് എം.പിമാരെ മർദിച്ചതിൽ മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് കെ.പി.സി.സി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.