കെ-റെയിൽ വ്യവസായ-വാണിജ്യ-റിയൽ എസ്റ്റേറ്റ് പദ്ധതി -പരിഷത്ത്
text_fieldsതൃശൂർ: സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള വ്യവസായ- വാണിജ്യ- റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് കെ-റെയിൽ എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. തൃശൂർ ജില്ല സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിനിധി അവതരിപ്പിച്ച കെ-റെയിൽ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്. പഠനത്തിന്‍റെ അന്തിമ റിപ്പോർട്ട് ജൂൺ 11ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് വിശദീകരിക്കുക. പല ആഗോള പദ്ധതികളെയും പോലെ യാത്രയൊരുക്കുകയും അതിന് അനുബന്ധമായ വാണിജ്യതാൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ട്രാൻസിറ്റ് ഓറിയന്‍റഡ് ഡെവലപ്മെന്‍റാണ് കെ-റെയിൽ പദ്ധതിയിൽ വിഭാവനം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുവേണ്ടി രണ്ട് എസ്.പി.വികൾ (സ്പെഷൽ പർപസ് വെഹിക്ക്ൾ) ഉണ്ട്. ഒന്ന് സിൽവർലൈൻ വണ്ടി ഓടിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നവരും രണ്ടാമത്തേത് കെ-റെയിലിനുവേണ്ടി ഏറ്റെടുത്ത സ്ഥലങ്ങളും കെട്ടിടങ്ങളും ഉപയോഗിച്ചുള്ള പ്രോജക്ടുകൾ തയാറാക്കുന്നവരും. ഇതാണ് ഡി.പി.ആറിലൂടെ മനസ്സിലാകുന്നത്.
കെ-റെയിലിനായി ഇന്ത്യയിൽ സാങ്കേതികവിദ്യ ലഭ്യമായിരിക്കെ വിദേശ വായ്പയെ ആശ്രയിക്കുന്നതിലെ കാണാച്ചരട് കണ്ടേ പറ്റൂ. ജെയ്ക്ക എന്ന ജാപ്പനീസ് ഏജൻസി വഴി പണം വരുന്ന വഴിയും പദ്ധതിയുടെ സാങ്കേതിക തെരഞ്ഞെടുപ്പായ സ്റ്റാൻഡേർഡ് ഗേജും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കണം. സ്റ്റാൻഡേർഡ് ഗേജ് ഇറക്കുമതി ബന്ധിതമായ വായ്പയാണ് ജെയ്ക്ക നൽകുന്നത്. ബ്രോഡ്ഗേജ് സംവിധാനത്തിന് രാജ്യത്ത് സംവിധാനമുള്ളപ്പോൾ ജപ്പാനിലെ ഏജൻസി വഴി 33,000 കോടി വരുന്നതിന് പിന്നിൽ അവരുടെ സമ്മർദവും താൽപര്യവുമാണ്. സാധ്യത റിപ്പോർട്ടും ഡി.പി.ആറും വിലയിരുത്തുമ്പോൾ പല ചെലവുകൾ 74 ശതമാനം വരെ കുറച്ചാണ് കാണിച്ചിട്ടുള്ളത്. അങ്ങനെയാണ് 64,000 കോടി എന്ന ചെറിയ ചെലവിലേക്ക് പദ്ധതിയെ എത്തിച്ചത്. നിതി ആയോഗ് ഇരട്ടി ചെലവാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സംസ്ഥാന സമിതി അംഗം പി.കെ. നാരായണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബദലുണ്ട് -വി. മുരളീധരൻ
പൊന്നാനി: സിൽവർലൈൻ പദ്ധതി അപ്രായോഗികമാണെന്നും സിൽവർലൈനിനുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ വകുപ്പിന് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. മെട്രോമാൻ ഇ. ശ്രീധരനുമായി പൊന്നാനിയിലെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്രസ്വ -ദീർഘകാല പദ്ധതിക്കായുള്ള നിർദേശങ്ങളാണ് സമർപ്പിക്കുക. നടപ്പാക്കാൻ സാധിക്കാത്ത പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ പറയുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണോ എന്ന് സംശയിക്കണം. നിലവിലെ റെയിൽവേ സംവിധാനം ആധുനികീകരിച്ച് കേരളത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു.
ചുരുങ്ങിയ സമയംകൊണ്ട് നടപ്പാക്കാൻ പറ്റുന്ന പദ്ധതി എന്ന നിലക്ക് കേരളത്തിലെ നിലവിലെ റെയിൽവേ ട്രാക്കുകൾ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുകയും ഇതുവഴി കൂടുതൽ ട്രെയിനുകൾ ഓടിക്കുകയും ചെയ്യുക എന്നതാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.