കെ റെയിൽ: ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടുമടക്കിയെന്ന് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സിൽവർലൈൻ കല്ലിടൽ നിർത്തിവെക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം ജനവികാരത്തിന് മുമ്പിൽ മുട്ടുമടക്കിയത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രസർക്കാറിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാറിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സിൽവർലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സിൽവർലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യർഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു.
പിടിവാശി ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമീഷൻ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമീഷനടിക്കാൻ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്ര മോദി സർക്കാർ അനുവദിക്കില്ല.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സിൽവർലൈനിന്റെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയായത്. ഇവർക്ക് നീതി ലഭിക്കണം. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബി.ജെ.പി സമരരംഗത്തുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.