കെ-റെയിൽ: തെറ്റിദ്ധാരണ വേണ്ട, ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുക സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടിക്രമം അനുസരിച്ച് മാത്രമാണ് നടപ്പാക്കുകയെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സർവേ ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണെന്നുള്ള സർക്കാർ വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിജ്ഞാപനം സാധാരണ നടപടി ക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ.
ഭൂമി ഏറ്റെടുത്തുവെന്ന് സർക്കാറിന് പ്രഖ്യാപിക്കാൻ പറ്റില്ല. ആ ഭൂമിയിൽ സാമൂഹികമായ എന്തെങ്കിലും പ്രത്യാഘാതമുണ്ടോയെന്ന് നോക്കണം. ജനങ്ങളുടെ അഭിപ്രായം അറിയണം -മന്ത്രി പറഞ്ഞു.
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിനാണെന്ന വാദങ്ങൾ പൊളിച്ച് സർക്കാർ വിജ്ഞാപനം പുറത്തുവന്നിരുന്നു. ഇപ്പോൾ നടക്കുന്ന സർവേ ഭൂമിയേറ്റെടുക്കലിനായി തന്നെയെന്ന് വിജ്ഞാപനം പറയുന്നു. ഇത് സംബന്ധിച്ച് സിൽവർലൈൻ കടന്നുപോവുന്ന മുഴുവൻ ജില്ലകളിലെയും കലക്ടർമാർ 2021 ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ വിജ്ഞാപനമിറക്കിയിട്ടുണ്ട്.
സർവേക്ക് വേണ്ടി മരങ്ങളും മറ്റും മുറിച്ചുമാറ്റാമെന്നും അടയാളങ്ങൾ സ്ഥാപിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. സാമൂഹികാഘാത പഠനത്തിനായി മാത്രമാണ് സർവേ നടപടികളെന്ന് സർക്കാർ ആവർത്തിക്കുന്നത് ഈ ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ്. എന്നാൽ ഇത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നാണ് സർക്കാർ വിശദീകരണം. സാമൂഹികാഘാത പഠനത്തിനായി പിന്നീട് പുതിയ ഉത്തരവുകൾ ഇറങ്ങിയെന്നും സർക്കാർ വിശദീകരിക്കുന്നു. സിൽവിർലൈനിനായി സ്ഥലം ഏറ്റെടുക്കണം, അതിന്‍റെ ഭാഗമായി പട്ടിക തിരിച്ച് ഭൂസർവേ നടത്തണം എന്നാണ് കലക്ടർമാർ വിജ്ഞാപനത്തിലൂടെ നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.