കെ- റെയിൽ: നഷ്ടപരിഹാരം 15 മുതൽ 25 മീറ്റർ വരെ സ്ഥലത്തിന്; നഷ്ടപ്പെടുക 35 മുതൽ 45 മീറ്റർ വരെ
text_fieldsകോട്ടയം: കെ-റെയിലിനുവേണ്ടി മാറ്റിവെക്കപ്പെടുന്ന ഭൂമിയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടുക 15 മുതൽ 25 മീറ്റർ വരെ വീതിയുള്ള സ്ഥലത്തിന്. എന്നാൽ, യഥാർഥത്തിൽ നഷ്ടപ്പെടുന്നത് 35 മുതൽ 45 വരെ മീറ്റർ വീതിയുള്ള ഭൂമിയായിരിക്കും. കെ-റെയിൽ പുറത്തുവിട്ട 91 പേജുള്ള എക്സിക്യൂട്ടിവ് സമ്മറിയുടെ 42ാം പേജ് പ്രകാരം പാളം കടന്നുപോകുന്നതിൽ 11.528 കി.മീ. ടണലും 12.991 കി.മീ. പാലങ്ങളും 88.412 കി.മീ. ആകാശപാത എന്ന വയഡക്ട്, 292.78 കി.മീ. വലിയ മൺതിട്ട എന്ന എംബാങ്ക്മെന്‍റും 101.737 കി.മീ. ഭൂമി വെട്ടിക്കുഴിച്ച് ഉണ്ടാക്കുന്ന കട്ടിങ്ങും 24.789 കി.മീ. കട്ട് ആൻഡ് കവറുമാണ്.
ആകാശപാത നിർമിക്കുന്ന ഭാഗത്ത് 15 മീറ്ററും കട്ടിങ്ങിലും കട്ട് ആൻഡ് കവർ ഭാഗത്തും 25 മീറ്ററും വലിയ മൺതിട്ട ഉയർത്തുന്ന ഭാഗത്ത് 20 മീറ്ററും വീതിയുള്ള ഭൂമി കെ-റെയിൽ ഏറ്റെടുക്കണമെന്ന് 33ാം പേജിൽ പറയുന്നു.
ഈ മാസം 15ന് മുഖ്യമന്ത്രിയും എം.എൽ.എമാരുമൊക്കെ പങ്കെടുത്ത നിയമസഭയിൽതന്നെ സംഘടിപ്പിച്ച കെ-റെയിൽ പദ്ധതി വിശദീകരണ പരിപാടിയിൽ കെ-റെയിൽ എം.ഡി അജിത്കുമാർ പറഞ്ഞത് റെയിൽപാത നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുപുറമെ പാതക്ക് ഇരുവശത്തും 10 മീറ്റർ വീതിയിൽ ഭൂവുടമക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതി ഉണ്ടാകുമെന്നാണ്. ഈ 10 മീറ്ററിന്‍റെ പകുതിയിൽ ഒരുതരത്തിലെ നിർമാണപ്രവർത്തനവും അനുവദിക്കില്ല. ബാക്കി അഞ്ചുമീറ്ററിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.
ഫലത്തിൽ ഭൂവുടമക്ക് നഷ്ടപരിഹാരം കിട്ടുന്നത് 15 മുതൽ 25 മീറ്റർ വരെ ഭൂമിക്കാണെങ്കിൽ നഷ്ടപ്പെടുന്നത് 35 മുതൽ 45 മീറ്റർ വരെയാണ്. 10 മീറ്ററിൽ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിൽ ആ ഭൂമികൂടി കെ-റെയിൽ ഏറ്റെടുക്കുകയാണ് പരിഹാരം. ഇങ്ങനെ ചെയ്താൽ നഷ്ടപരിഹാരം നിലവിൽ കണക്കാക്കിയതിന്‍റെ ഇരട്ടിയാകുമെന്നതിനാൽ ഇതേകുറിച്ച് ആലോചനയില്ല. 35 മുതൽ 45 മീറ്റർ വരെ വീതിയിൽ ആർക്കൊക്കെ ഭൂമി നഷ്ടപ്പെടും എന്ന കണക്കും കെ-റെയിലിന്‍റെ പക്കലില്ല. സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ കല്ലിടുന്നതും എത്ര വീതിയിലാണെന്നതിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.