കെ റെയിൽ: ആകെ ചെലവ് 63,940 കോടി; ആദ്യവർഷം യാത്രക്കാരിൽ നിന്ന് 2276 കോടി, റോറോ സർവിസും പരസ്യങ്ങളും മറ്റ് വരുമാന മാർഗങ്ങൾ
text_fieldsകെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ആകെ ചെലവാകുന്ന തുക 63,940.67 കോടി രൂപയാണ്. ഇതിൽ ഭൂമിക്കായാണ് 11,535.30 കോടി രൂപ ചെലവിടുക. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 6100 കോടി രൂപയാണ് കണക്കാക്കിയത്. 4460 കോടി രൂപ കെട്ടിടങ്ങൾക്കും മറ്റും നഷ്ടപരിഹാരമായും വേണ്ടിവരുമെന്ന് സർക്കാർ പുറത്തുവിട്ട ഡി.പി.ആറിൽ വിശദമാക്കുന്നു.
സ്റ്റേഷനുകൾക്കായി 973 കോടി രൂപയാണ് ചെലവിടുക. ഡിപ്പോകൾക്കും മറ്റിനത്തിലുമായി 1300 കോടിയും ചെലവാകും. ആദ്യത്തെ 10 വർഷം അറ്റകുറ്റപ്പണിക്കുള്ള തുകയായി കണക്കാക്കിയത് പ്രതിവർഷം 542 കോടിയാണ്. പിന്നീടുള്ള 10 വർഷം ഇത് പ്രതിവർഷം 694 കോടിയാണ്.
യാത്രക്കാരിൽ നിന്നും, ചരക്കുകൾ കൊണ്ടുപോകാനുള്ള റോറോ സർവിസിൽ നിന്നുമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ പ്രധാന വരുമാനം. 2025-26 വർഷത്തിൽ 2276 കോടി രൂപയാണ് യാത്രക്കാരിൽ നിന്നുള്ള വരുമാനം. 2032-33 വർഷത്തിൽ ഇത് 4504 കോടിയാകും. 2042-43 വർഷത്തിൽ 10,361 കോടിയും, 2-52-53 വർഷത്തിൽ 21,827 കോടിയും 2062-63 വർഷത്തിൽ 42,476 കോടിയുമാണ് യാത്രക്കാരിൽ നിന്നുള്ള വരുമാനം. 2072-73 വർഷത്തിൽ ഈ വരുമാനം 81,139 കോടിയായി ഉയരും.
റോറോ സർവിസിൽ നിന്ന് 2025-26 വർഷം 237 കോടി രൂപയും 2032-33 വർഷം 374 കോടിയുമാണ് വരുമാനം കണക്കാക്കുന്നത്. 2072-73 വർഷമാകുമ്പോഴേക്ക് ഈ വരുമാനം 3844 കോടിയാകും.
സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യം, സ്റ്റേഷനുകൾക്ക് പേര് നൽകുന്നതിൽ നിന്നുള്ള വരുമാനം, ടൂറിസ്റ്റ് ട്രെയിൻ ലീസിൽ നിന്നുള്ള വരുമാനം, കാറ്ററിങ് ലൈസൻസിൽ നിന്നുള്ള വരുമാനം തുടങ്ങിയവയാണ് മറ്റ് വരുമാന മാർഗങ്ങളായി കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.