കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്തം; കോഴിക്കോട് ഇന്ന് കല്ലിടലില്ല, ചോറ്റാനിക്കരയിൽ സർവേയും
text_fieldsകോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നതിനിടെ അധികൃതർ ഇന്ന് കോഴിക്കോട് നടത്താനിരുന്ന കല്ലിടൽ മാറ്റിവെച്ചു. ചോറ്റാനിക്കരയിൽ ഇന്ന് നടത്താനിരുന്ന സർവേയും മാറ്റിവെച്ചിട്ടുണ്ട്. സര്‍വേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സർവേ മാറ്റിവെച്ചതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഒരു കാരണവശാലും ഒരു ദിവസം പോലും സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് കെ-റെയില്‍ എം.ഡി ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും ജനകീയ പ്രക്ഷോഭം ശക്തമായതോടെ മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പള്ളിക്കണ്ടി കുണ്ടുങ്ങൽ മേഖലയിൽ പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. ഗൾഫിൽ ഭർത്താവു മരിച്ച സ്ത്രീയുടെ വീട്ടിൽ ഗേറ്റ് ചാടിക്കടന്ന് രാവിലെ ഉദ്യോഗസ്ഥർ കല്ലിട്ടത് ജനങ്ങൾ തടയുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. എന്നാൽ, ഉച്ചക്ക് 2.30 ഓടെ ഉദ്യോഗസ്ഥർ കൂടുതൽ പൊലീസ് സന്നാഹത്തോടെ എത്തി. എന്നാൽ, ജനകീയ സമരം മൂലം പൊലീസിനും സർവേ സംഘത്തിനും വീണ്ടും മടങ്ങേണ്ടി വന്നു. തിങ്കളാഴ്ച കോഴിക്കോട്ട് സ്ഥാപിച്ച മുഴുവൻ കല്ലും ജനം പിഴുതെറിഞ്ഞിരുന്നു.
ചൊവ്വാഴ്ച നടപടികള്‍ ഉണ്ടാകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥര്‍ ഇന്ന് കല്ലിടൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ചോറ്റാനിക്കരയി്ൽ ഇന്ന് നടത്താനിരുന്ന സർവേയും മാറ്റിവെച്ചത്. അതേസമയം, തിരുന്നാവായയിൽ സർവേ നടത്താനെത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ നാട്ടുകാർ സംഘടിച്ച് നിൽക്കുകയാണ്. ഇവിടെ ഇന്നലെ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. കോട്ടയം കുഴിയാലിപ്പടിയിലും കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.