കെ-റെയിലിന് ശ്രമിക്കുന്നവർ ലക്ഷ്യമിടുന്നത് കരാറിലൂടെ ലഭിക്കുന്ന കമീഷൻ -പ്രശാന്ത് ഭൂഷൺ
text_fieldsകൊയിലാണ്ടി (കോഴിക്കോട്): കെ-റെയിലിന് വേണ്ടി ശ്രമിക്കുന്നവരുടെ ലക്ഷ്യം കരാറിലൂടെ ലഭിക്കുന്ന കമീഷനാണെന്ന് പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കെ-റെയിൽ ജനകീയ പ്രതിരോധ സമിതി കാട്ടില പീടികയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൻെറ 374ാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
75,000 കോടിയാണ് ഇപ്പോൾ പറയുന്ന ചെലവ്. എന്നാൽ, നിർമാണം പൂർത്തിയാകുമ്പോൾ അത് ഒരു ലക്ഷം കോടിയിലധികമാകും. ഈ റെയിൽ പദ്ധതി സാധാരണക്കാരന് ഒരു ഗുണവും ചെയ്യില്ല.
നഗരം വിട്ടായിരിക്കും റെയിൽവേ സ്റ്റേഷനുകൾ. മുംബൈ - അഹമ്മദാബാദ് റെയിൽപോലെ വൻ പരാജയമായിരിക്കും. കടമെടുക്കേണ്ട പണത്തിനു പലിശ നൽകേണ്ട എന്നാണ് പറയുന്നത്. ഇതു ശരിയല്ല.
ജപ്പാനീസ് നാണയമായ യെൻ ആണു വിനിമയ മാർഗം. ജപ്പാനിൽ നാണയപ്പെരുപ്പമില്ല. ഇന്ത്യയിൽ വർഷം എട്ട്, 10 ശതമാനം നാണയപ്പെരുപ്പമുണ്ടാകും. ഓരോ വർഷവും തിരിച്ചടവിൽ ഈ രീതിയിലുള്ള വർധനവ് ഉണ്ടാകും.
ഈ ബാധ്യത ഇന്ത്യൻ റെയിൽവേയെ ഏൽപ്പിച്ചാൽ അവർ കുറഞ്ഞകാലം കൊണ്ട് കുത്തുപാളയെടുക്കും. മീറ്റർഗേജും ബ്രോഡ്ഗേജുമെല്ലാത്ത സ്റ്റാൻഡേർഡ് പാളമാണ് വിഭാവനം ചെയ്യുന്നത്. അതിനാൽ ഇവിടത്തെ ട്രെയിൻ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ല.
കുറഞ്ഞ ചെലവിൽ ഇപ്പോഴത്തെ റെയിൽ നവീകരിക്കാൻ കഴിയും. കിലോമീറ്ററിന് 10 കോടി ചെലവഴിച്ചാൽ അഞ്ചു മണിക്കൂർ കൊണ്ട് കാസർക്കോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തുന്ന പദ്ധതി നടപ്പാക്കാം.
കെ-റെയിലിന് വേണ്ടത് കിലോമീറ്ററിന് 200 കോടിയാണ്. എല്ലാം വിറ്റഴിക്കുക, സ്വകാര്യവത്കരിക്കുക എന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ നയം. ഇന്ത്യൻ ആർമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥലം ഇന്ത്യൻ റെയിൽവേയുടെ കൈവശമാണ്. ഇതെല്ലാം കുറഞ്ഞ വിലക്ക് സ്വകാര്യ വ്യക്തികൾക്ക് കൈമാറ്റം നടത്താനാണ് ശ്രമം. റിയൽ എസ്റ്റേറ്റുകാർ അതിസമ്പന്നരാകും. ജനങ്ങൾ ദരിദ്രരിൽ ദരിദ്രരായി മാറുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സ്വരാജ് പാർട്ടി സംസ്ഥാന പ്രസിഡൻറ് ഗ്രേവിയ്സ്സ് അലക്സാണ്ടർ, വിശ്വംഭരൻ, തോമസ് കോട്ടാരാൻ, പ്രഫ. വേണു, വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. കെ. മൂസക്കോയ സ്വാഗതവും സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.