കെ റെയിൽ: ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനം; ഭൂമി ഏറ്റെടുക്കൽ ആശങ്ക വേണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായി ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട നടപടിയായതിനാൽ ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് ഹൈകോടതി. സർവേക്കല്ലുകൾ സ്ഥാപിച്ചതിന്റെ പേരിൽ ഒരിഞ്ചു ഭൂമിപോലും മരവിപ്പിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സർവേ തടയരുതെന്ന് സുപ്രീംകോടതിയും നിർദേശിച്ചിട്ടുള്ളതിനാൽ അതിൽ ഇടപെടാനാവില്ല. കല്ലിട്ട ഭൂമിയുടെ ഈടിന്മേൽ വായ്പക്ക് തടസ്സമുണ്ടാകില്ലെന്ന് സർക്കാറും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.
എന്നാൽ, സാമൂഹികാഘാത പഠനം ചട്ടപ്രകാരമാണോ എന്നതടക്കം കാര്യങ്ങളിൽ വ്യക്തത വേണ്ടതുണ്ട്. കെ-റെയിലും റെയിൽവേയും പങ്കാളിയായ സംയുക്ത സംരംഭമാണ് സിൽവർ ലൈൻ എന്നാണ് പറയുന്നത്. അതേസമയം, സർവേ അടക്കം നടപടികളിൽ ചെറിയ പങ്കാളിയായ റെയിൽവേ മൗനം പാലിക്കുന്നത് അത്ഭുതകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതിനെ കഴിഞ്ഞ ദിവസങ്ങളിൽ കോടതി വിമർശിച്ചിരുന്നു. കല്ലിടുന്ന സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ സ്ഥലം ഉടമകൾക്ക് കഴിയുമോയെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വായ്പക്ക് തടസ്സമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. ഹരജിയിൽ ഉന്നയിക്കാത്ത കാര്യങ്ങളിൽ കോടതി ഇടപെടുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച ഹരജി പരിഗണിക്കവെയാണ് റെയിൽവേയുടെ മൗനത്തെക്കുറിച്ച് കോടതി ആശങ്കയറിയിച്ചത്. പദ്ധതിയിൽ 49 ശതമാനം പങ്കാളിത്തമുള്ള കക്ഷിയാണ് റെയിൽവേ. സർവേയടക്കമുള്ള കാര്യങ്ങളിൽ തർക്കമുണ്ടായിട്ടും അവർ ഒന്നും വ്യക്തമാക്കിയിട്ടില്ല. സർവേയുടെ നിയമസാധുതയിൽ മാത്രമല്ല, സർവേക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടതുണ്ടോ, കെ-റെയിൽ എന്നെഴുതിയ കല്ലിടേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വേണം. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലൂടെയും കടന്നുപോകുന്നതിനാൽ സർവേ അടക്കം നടപടികൾ ചെയ്യേണ്ടത് കേന്ദ്ര സർക്കാറാണെന്ന വാദം ഹരജിക്കാർ ആവർത്തിച്ചു. എന്നാൽ, നിലവിൽ കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നില്ലെന്ന് കെ-റെയിൽ അഭിഭാഷകൻ വ്യക്തമാക്കി. അലൈൻമെന്‍റിന് ഇതുവരെ അന്തിമാനുമതി ആകാത്ത കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.