കെ-റെയിൽ: കല്ലിടൽ നിർത്തി ഉത്തരവ്, സർവേക്ക് ജി.പി.എസ് സംവിധാനം
text_fieldsതിരുവനന്തപുരം: കനത്ത ജനകീയ ചെറുത്തുനിൽപിനു മുന്നിൽ സർക്കാർ മലക്കം മറിഞ്ഞു. സിൽവർ ലൈനിന്‍റെ സാമൂഹികാഘാത പഠനത്തിനായി കല്ലിടൽ അവസാനിപ്പിക്കാനും പകരം അതിരുകൾ ജി.പി.എസ് ഉപയോഗിച്ച് ഡിജിറ്റലായി അടയാളപ്പെടുത്താനും റവന്യൂവകുപ്പ് ഉത്തരവിട്ടു.
സർവേക്ക് കല്ലിട്ടേ തീരൂവെന്ന സർക്കാർ ശാഠ്യവും ഇതിനായി പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗവും ഗുണത്തെക്കാളേറെ ദോഷമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ ചുവടുമാറ്റം. ഉടമകളുടെ അനുമതിയോടെ കല്ലിടാമെന്ന ശിപാർശ കെ-റെയിൽ മുന്നോട്ടുവെച്ചെങ്കിലും ജി.പി.എസ് വഴി ജിയോ-ടാഗിങ് നടത്താനാണ് റവന്യൂവകുപ്പിന്‍റെ നിർദേശം. ആവശ്യമെങ്കിൽ വീടുകൾ, മതിലുകൾ എന്നീ സ്ഥിരം സ്ട്രക്ചറുകളിൽ അടയാളങ്ങൾ വരച്ചിടാം. കടുത്ത പ്രതിഷേധം തന്നെയാണ് ചുവടുമാറ്റത്തിന് കാരണമെന്ന കാര്യം ഉത്തരവ് മറച്ചുവെക്കുന്നില്ല.
സാമൂഹികാഘാത പഠനത്തിനായി നിയോഗിച്ച സംഘങ്ങൾ കടുത്ത പ്രതിഷേധം നേരിടുന്നെന്ന കാര്യം ഉത്തരവിന്‍റെ തുടക്കത്തിൽ തന്നെ റവന്യൂവകുപ്പ് അടിവരയിടുന്നുണ്ട്. ലിഡാർ സർവേ ഉപയോഗിച്ചാണ് സിൽവർ ലൈനിന്‍റെ അലൈൻമെന്‍റ് അന്തിമമാക്കിയതെന്നും ഡി.ജി.പി.എസ് (ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സർവേ ഉപകരണങ്ങൾ ഉപയോഗിച്ചും ഫീൽഡിൽ സർവേ നടത്താമെന്നും കാട്ടി മേയ് അഞ്ചിന് കെ-റെയിൽ എം.ഡി റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു.
ഇതുകൂടി മുഖവിലക്കെടുത്താണ് സോഫ്റ്റ്വെയറോ മൊബൈൽ ആപ്പോ ഉപയോഗിച്ച് അതിരടയാളങ്ങൾ സ്ഥാപിക്കാനും മഞ്ഞക്കല്ലുകൾ സ്ഥാപിക്കുന്നത് അവസാനിപ്പിക്കാനുമുള്ള റവന്യൂവകുപ്പിന്‍റെ നിർദേശം. അടയാളം സ്ഥാപിക്കലും സർവേയും നടക്കുമെങ്കിലും പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നുള്ള അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമിയേറ്റെടുക്കലിലേക്ക് നീങ്ങുവെന്നും ഉത്തരവിൽ പറയുന്നു.
ജനകീയ പ്രതിഷേധം ശക്തമാണെങ്കിലും പദ്ധതിയുടെ പ്രസക്തിയും മുൻഗണനയും പരിഗണിച്ചാണ് സർവേക്കുള്ള പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് പറയുന്ന ഉത്തരവിൽ കല്ലിടലിന്‍റെ നിയമസാധുതയെ കുറിച്ച് ഒന്നും പറയുന്നില്ല.
കല്ലിടാതെ തന്നെ ജി.പി.എസ് വഴിയും സർവേ നടത്താമെന്ന് സമ്മതിക്കാതെ സമ്മതിച്ചിരിക്കുകയാണ് സർക്കാർ. സിൽവർ ലൈൻ സംവാദത്തിൽ സർക്കാർ വാദങ്ങളെ അനുകൂലിച്ച വിദഗ്ധർ പോലും കല്ലിടലിന്‍റെ സാധുത ചോദ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സർവേ രീതി മാറ്റാനുള്ള തീരുമാനം. കെ-റെയിൽ എം.ഡിക്ക് പുറമേ കലക്ടർമാർ, ലാന്‍റ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് റവന്യൂ ഉത്തരവ് നൽകിയിരിക്കുന്നത്.
സമരവിജയം -ജനകീയ സമിതി
തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന്റെ മറവിൽ നിയമ വിരുദ്ധമായി നടത്തിവന്ന കല്ലിടൽ നിർത്തിവെക്കാൻ സംസ്ഥാന സർക്കാറെടുത്ത തീരുമാനം ജനകീയ സമരത്തിന്റെ ആദ്യ ഘട്ട വിജയമാണെന്ന് കെ-റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ പറഞ്ഞു.
റവന്യൂ വകുപ്പിന്റെ ഉത്തരവിൽ കൃത്യമായി ചൂണ്ടിക്കാട്ടുന്നതുപോലെ ജനങ്ങളുടെ പ്രതിഷേധം തന്നെയാണ് ഈ പിന്മാറ്റത്തിൽ പ്രതിഫലിക്കുന്നത്. എന്നാൽ, കല്ലിടൽ നിർത്തിവെച്ചാൽ മാത്രം പോരാ, കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ പിൻവലിക്കുന്നെന്ന് പ്രഖ്യാപിക്കാനുള്ള വിവേകം സർക്കാർ കാട്ടണം.
ലിഡാർ സർവേ നടത്തിയതിനാൽ ജി.പി.എസ് വഴി വീണ്ടും സർവേ നടത്തേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ ജനങ്ങളുടെ നികുതി പണം ഇനിയും ധൂർത്തടിക്കരുത്. അനാവശ്യമായി നടത്തിയ കല്ലിടലിനെയും അനധികൃത കൈയേറ്റത്തെയും ചെറുത്ത അഞ്ഞൂറോളം പേർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയാറാകണം. പൊലീസ് അതിക്രമത്തിനും ജയിൽവാസത്തിനുമിരയായ ജനങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
തൃക്കാക്കര തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള താൽക്കാലിക രാഷ്ട്രീയ നാടകമാകരുത് കല്ലിടൽ നിർത്തിവെക്കൽ. സിൽവർ ലൈൻ പിൻവലിച്ചുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നതുവരെ ജനകീയ സമരം ശക്തമായി തുടരുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.