സിൽവർ ലൈൻ കല്ലിടൽ; കണ്ണൂരിൽ കെ-റെയിൽ അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി
text_fieldsകണ്ണൂർ: നടാലിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരും സിൽവർലൈൻ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. ഊർപഴശ്ശിക്കാവ് യു.പി സ്കൂളിന് സമീപം കല്ലിക്കകത്ത് പുഷ്പലതയുടെ വീടിനടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നാട്ടിയ കുറ്റി കെ-റെയിൽ വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ പിഴുതെറിയാൻ ശ്രമിച്ചതോടെ സി.പി.എം പ്രവർത്തകർ പ്രതിരോധിക്കുകയായിരുന്നു.
ജില്ലയിൽ ആദ്യമായാണ് സർവേ തടയുന്നവർക്കെതിരെ സി.പി.എം പ്രത്യക്ഷമായി രംഗത്തുവരുന്നത്. പൊലീസ് ഇടപെട്ട് രണ്ടുകൂട്ടരെയും നീക്കംചെയ്തു. കോൺഗ്രസുകാരെ കൈയേറ്റംചെയ്ത പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സി.പി.എം നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
തിങ്കളാഴ്ച ഉച്ച ഒന്നരയോടെയായിരുന്നു സംഘർഷം. എടക്കാട് പൊലീസ് സ്റ്റേഷന് സമീപം കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കെ-റെയിൽ വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയശേഷമാണ് ഊർപഴശ്ശിക്കാവ് യു.പി സ്കൂളിനടുത്ത് കല്ലിട്ടത്. ഇതോടെ യു.ഡി.എഫ് പ്രവർത്തകർ ഇവിടെയുമെത്തി കല്ല് പിഴുതുമാറ്റാൻ ശ്രമിച്ചു. പ്രദേശത്തെ വീട്ടുകാരോട് പ്രതിഷേധിക്കാൻ ആവശ്യപ്പെടുന്നതിനിടയിലാണ് സി.പി.എമ്മുകാരും യു.ഡി.എഫ് പ്രവർത്തകരും ഏറ്റുമുട്ടിയത്.
കണ്ണൂരിൽനിന്നും മുഴപ്പിലങ്ങാടുനിന്നും സംഘടിച്ചെത്തിയ യു.ഡി.എഫ് പ്രവർത്തകരാണ് സമരത്തിന് പിന്നിലെന്നും പുറത്തുനിന്ന് ആളുകളെത്തി കല്ലിടൽ തടയുന്നത് സമ്മതിക്കില്ലെന്നും സി.പി.എം പ്രവർത്തകർ പറഞ്ഞു. സർവേ തുടരുമ്പോൾ സി.പി.എം പ്രവർത്തകർ പ്രദേശവാസികളോടും വീട്ടുകാരോടും സംസാരിച്ച് പരസ്യമായി പ്രതിഷേധിക്കുന്നത് തടഞ്ഞു. സി.പി.എം, യു.ഡി.എഫ് പ്രവർത്തകർ രണ്ടിടത്തും സംഘടിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ചാലയിലും എടക്കാടും സർവേക്കെതിരെ പ്രതിഷേധങ്ങളുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.