കോട്ടയത്ത് കെ-റെയിൽ സർവേ പുനരാരംഭിച്ചു; കല്ലുകൾ പിഴുതുമാറ്റി നാട്ടുകാർ, സംഘർഷാവസ്ഥ
text_fieldsകോട്ടയം: കുഴിയാലിപ്പടിയിൽ കെ-റെയിൽ കല്ലിടൽ പുനരാരംഭിച്ചു. ഇതോടെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കല്ലുമായി വന്ന വാഹനം ഇവർ തടഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം.
നട്ടാശ്ശേരിയിൽ 12 സ്ഥലത്താണ് കല്ലിട്ടത്. ഇതിൽ പല കല്ലുകളും നാട്ടുകാർ പിഴുതുമാറ്റി. ഇവ വാഹനത്തിലേക്ക് തന്നെ തിരിച്ചിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് കല്ലിടൽ വീണ്ടും ആരംഭിച്ചത്. സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരിടത്തും സിൽവർ ലൈൻ സർവേ നടന്നിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ വിവിധ ജില്ലകളിൽ നടത്താനിരുന്ന സർവേ നിർത്തിവെക്കാൻ നിർദേശം നൽകിയെന്ന് സൂചനയുണ്ടായിരുന്നു.
എന്നാൽ, ഇക്കാര്യം കെ- റെയിൽ നിഷേധിച്ചിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കിയാകും സർവേ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സർവേക്കല്ലുകൾ സ്ഥാപിക്കുന്നത്. എന്നാൽ, പലയിടത്തും പ്രതിഷേധം മൂലം സർവേ നടപടികൾ മുന്നോട്ട് പോകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. അതിനാൽതന്നെ സാമൂഹികാഘാതപഠനം നീളുമെന്ന് ഉറപ്പാണ്.
കല്ല് പിഴുതാലും പിന്നോട്ടില്ലെന്ന് വെല്ലുവിളിച്ചാണ് സർക്കാർ സർവേയുമായി മുന്നോട്ടുപോയത്. പക്ഷേ, താഴേത്തട്ടിൽ ഇടത് അണികളിലടക്കം എതിർപ്പ് രൂക്ഷമാകുന്നത് സർക്കാറിനും എൽ.ഡി.എഫിനും മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അസേസമയം, സിൽവർലൈനിന് വേണ്ടി കല്ലിടാൻ റവന്യു വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. കല്ലിടാൻ തീരുമാനമെടുത്തത് റവന്യു വകുപ്പാണെന്നായിരുന്നു കെ-റെയിലിന്റെ വിശദീകരണം. ഇതാണ് മന്ത്രി തള്ളിയത്. സാമൂഹികാഘാത പഠനം പദ്ധതിക്ക് എതിരായാൽ കല്ല് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.