സർവെ സംഘം മടങ്ങിയെത്തി; ജനം വീണ്ടും തിരിച്ചയച്ചു
text_fieldsകോഴിക്കോട്: കെ.റെയിൽ വിരുദ്ധസമരം ശക്തമായതിനെ തുടർന്ന് പള്ളിക്കണ്ടി കുണ്ടുങ്ങൽ മേഖലയിൽ നിന്ന് മടങ്ങിയ സർവെ സംഘം തിരിച്ചെത്തി. ജനവാസ മേഖലയിൽ പ്രതിഷേധം കനത്തു.
ഗൾഫിൽ ഭർത്താവു മരിച്ച സ്ത്രീയുടെ വീട്ടിൽ ഗേറ്റ് ചാടിക്കടന്ന് ഉദ്യോഗസ്ഥർ കല്ലിട്ടു. ഇത് ജനങ്ങൾ തടഞ്ഞു. ഉദ്യോഗസ്ഥരും ജനങ്ങളുമായി കൊമ്പുകോർത്തു. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർക്ക് വീണ്ടും മടങ്ങേണ്ടി വന്നു. ഉച്ചക്ക് 2.30 ഓടെയാണ് ഉദ്യോഗസ്ഥർ കൂടുതൽ പൊലീസ് സന്നാഹത്തോടെ എത്തിയത്.
നിർത്തിവെച്ചു എന്ന് പറഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർ ജനങ്ങളെ കബളിപ്പിച്ച് വീണ്ടും കല്ലുമായി വന്നതോടെ ജനങ്ങളുടെ രോഷം ഇരട്ടിയായി. ജനകീയ സമരത്തിന് മുന്നിൽ പൊലീസിനും സർവെ സംഘത്തിനും വീണ്ടും മടങ്ങേണ്ടി വന്നു. ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം വീട്ടുമുറ്റത്ത് സ്ഥാപിച്ച കല്ല് നാട്ടുകാർ പിഴുതെറിഞ്ഞു.ഇതോടെ തിങ്കളാഴ്ച കോഴിക്കോട്ട് സ്ഥപിച്ച മുഴുവൻ കല്ലും ജനം പിഴുതെറിഞ്ഞു. ഇതിനിടെ കെ.റെയിൽ ഉദ്യേഗസ്ഥയോട് ജനങ്ങൾ മോശമായി പെരുമാറി എന്ന പരാതി ഉയർന്നു.
കുണ്ടുങ്ങലിൽ കെ റെയിൽ കുറ്റികൾ ജനങ്ങൾ പിഴുതെറിഞ്ഞിരുന്നു. ശക്തമായ ജനകീയ സമരത്തിന് മുന്നിൽ നടപടികൾ തുടരാനാവാത്തതിനെ തുടർന്നായിരുന്നു തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മടങ്ങിയത്.
പല തവണ പൊലീസും ജനങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലിസ് സംരക്ഷണയിൽ കുറ്റിയിൽ മാർക്ക് ചെയ്യാൻ കൊണ്ടുവന്ന മഞ്ഞപ്പെയിന്‍റ് ജനങ്ങൾ റോഡിൽ ചിന്തി. രാവിലെ പത്ത് മുതൽ ഒരുമണിവരെ പൊരിവെയിലിൽ ജനം പ്രതിരോധം തീർത്തു.
അസി. കമീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു തിങ്കളാഴ്ച രാവിലെ കല്ലിടൽ ആരംഭിച്ചത്. കുണ്ടുങ്ങലിലെ സർക്കാർ ഭൂമിയിൽ ആദ്യം കല്ലിട്ടപ്പോൾ ജനം എതിർത്തില്ല. 11 മണിയോടെ കെ. റെയിൽ സമരനേതാവ് ടി.ടി. ഇസ്മായിൽ, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ. മൊയ്തീൻകോയ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവൻ, യുവമോർച്ച നേതാവ് പ്രകാശ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരം ശക്തമാക്കി.
റവന്യു ഭൂമിയിൽ സ്ഥാപിച്ച മൂന്നു കല്ലുകളും പിഴുതെറിഞ്ഞു. തഹസിൽദാർ തിരിച്ചുപോവണമെന്നാവശ്യപ്പെട്ട് പലതവണ ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. പൊലീസ് സംയമനം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.