കെ-റെയിൽ: മാമലയിൽ സംഘർഷാവസ്ഥ, സർവേ നിർത്തി
text_fieldsകോലഞ്ചേരി (എറണാകുളം): കെ-റെയിൽ സർവേ താൽക്കാലികമായി നിർത്തിവെക്കുമെന്ന പ്രഖ്യാപനത്തിന് ശേഷവും മാമലയിൽ സർവേക്കെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് സർവേക്കല്ല് സ്ഥാപിച്ചത്.
സർവേ സംഘമെത്തുന്ന വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എത്തി. ദേശീയപാതയിൽ മാമലയിൽ സ്ഥാപിച്ച സർവ്വേക്കല്ല് പ്രവർത്തകർ എടുത്ത് തോട്ടിലെറിഞ്ഞു.
പ്രവർത്തകരെ നേരിടാൻ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. പ്രതിഷേധം കനത്തതോടെ സർവേ അവസാനിപ്പിച്ച് സംഘം മടങ്ങി.
ഇതിന് ശേഷവും പൊലീസ് സ്ഥലത്ത് തുടർന്നതോടെ സംഘം വീണ്ടുമെത്തുമെന്ന് കരുതി കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. പൊലീസ് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു.
ഇതോടെ പൊലീസിനെ പിൻവലിക്കുകയാണെന്ന് പുത്തൻകുരിശ് ഡിവൈ.എസ്.പി അറിയിച്ചതോടെയാണ് ഒരു മണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.