കെ-റെയിൽ: വൈദ്യുതി ലഭ്യതയിലും ബഫർസോൺ പ്രഖ്യാപനത്തിലും ഒളിച്ചുകളി
text_fieldsകോട്ടയം: കെ-റെയിൽ സംബന്ധിച്ച് ഉയരുന്ന ആശങ്കകളിൽ സുപ്രധാനമാണ്, ആവശ്യമായ വൈദ്യുതിയുടെ ലഭ്യതയും റെയിൽ ലൈനിനുസമീപം ഏർപ്പെടുത്തുന്ന ബഫർസോണിന്റെ അളവും. ഈ കാര്യങ്ങളിൽ കെ-റെയിൽ അധികൃതർ ഉയർത്തുന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സിൽവർ ലൈനിന്റെ പ്രവർത്തനത്തിൽ 100ശതമാനം പുനരുപയോഗ ഇന്ധന ഉപയോഗമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. അതായത്, പദ്ധതിക്ക് ആവശ്യമായ വൈദ്യുതി പൂർണമായും കാറ്റ്, സൗര ഊർജമായിരിക്കും.
കെ-റെയിലിന് 2025 ൽ 27.9 കോടി യൂനിറ്റും 2032 ൽ 32.1 കോടി യൂനിറ്റും 2042 ൽ 42.7 കോടി യൂനിറ്റും 2052 ൽ 49.7 കോടി യൂനിറ്റും വൈദ്യുതി ആവശ്യമുണ്ടെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
2020ൽ സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് കേരളത്തിൽ വിതരണം ചെയ്തത് 26,549.91 മില്യൻ യൂനിറ്റ് വൈദ്യുതിയാണ്. അതിൽ 20,383.76 മില്യൻ യൂനിറ്റ് വൈദ്യുതി അന്തരീക്ഷ മലിനീകരണം എറ്റവും കൂടുതലുണ്ടാക്കി ഉൽപാദിപ്പിക്കുന്ന താപവൈദ്യുതിയാണ്. നിലവിൽ സംസ്ഥാനത്തൊട്ടാകെ കാറ്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 1.42 മില്യൻ യൂനിറ്റ് മാത്രമാണ്. വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിൽ നടത്തുന്ന സോളാർ വൈദ്യുതി ഉൽപാദനം 2020 ൽ 75.7മില്യൻ യൂനിറ്റ് മാത്രമായിരുന്നു. കൊച്ചി വിമാനത്താവളം അടക്കം സ്വകാര്യമായി ഉൽപാദിപ്പിച്ച് വൈദ്യുതി ബോർഡിനു നൽകുന്ന സോളാർ വൈദ്യുതിയുടെ അളവ് 25.95 മില്യൻ യൂനിറ്റാണ്. അങ്ങനെ 2020ൽ കേരളത്തിലെ ആകെ സോളാർ, കാറ്റ് വൈദ്യുതി ഉൽപാദനം 103.12 മില്യൻ യൂനിറ്റ് മാത്രമാണ്.
നീണ്ട വർഷങ്ങളുടെ പരിശ്രമഫലമായാണ് സംസ്ഥാന വൈദ്യുതി ബോർഡിന് ഇത്രയെങ്കിലും കൈവരിക്കാനായത്. ഈ പശ്ചാത്തലത്തിൽ 279 മില്യൻ യൂനിറ്റ് ഹരിത വൈദ്യുതി 2025ൽ കെ-റെയിൽ സംസ്ഥാനത്തുനിന്ന് സ്വന്തമാക്കുമെന്ന വാദം അതിശയോക്തിപരമാണ്.
കെ-റെയിൽ സ്വന്തമായി സോളാർ വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനുള്ള തുക വിശദ പദ്ധതിരേഖയിൽ ഉൾക്കൊള്ളിച്ചിട്ടില്ല. കൊച്ചി വിമാനത്താവളത്തിനുള്ളതുപോലെ വിശാലമായ ഭൂമി കെ-റെയിൽ സ്വന്തമാക്കാൻ പോകുന്നുമില്ല. കുറെ വർഷങ്ങൾക്കു മുമ്പ് ഇന്ത്യൻ റെയിൽവേ ഡീസൽ എൻജിനുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടത് വൈദ്യുതി ലോക്കോമോട്ടിവുകളായി മാറി. എന്നാൽ, അത്തരം എൻജിനുകൾക്ക് വൈദ്യുതി സുഗമമായി ലഭിക്കാതായതോടെ വിവിധ വൈദ്യുതി ബോർഡുകൾ കൽക്കരി താപനിലയങ്ങൾ ആരംഭിച്ചു.
കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന താപവൈദ്യുതി നിലയങ്ങളെ ആശ്രയിച്ച് മലിനീകരണമില്ലാത്ത ട്രെയിനുകൾ ഓടാൻ തുടങ്ങി. ഈ സ്ഥിതിയിലേക്ക് സിൽവർ ലൈനും മാറുമെന്ന ആശങ്ക ശക്തമാണ്. ഇത് ദൂരീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ വിശദ പദ്ധതിരേഖയിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇത്തരത്തിൽതന്നെയാണ് സിൽവർ ലൈനിന് വേണ്ടി നീക്കിവെക്കുന്ന ബഫർസോണിന്റെ കാര്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.