അതിർത്തി അടയാളപ്പെടുത്തി സർവേ തുടങ്ങാൻ കെ-റെയിൽ
text_fieldsതിരുവനന്തപുരം: കല്ലിടൽ നിർത്തിയ സാഹചര്യത്തിൽ അലൈൻമെന്റ് അതിർത്തികളിൽ 'അടയാളപ്പെടുത്തി' സിൽവർ ലൈൻ സാമൂഹികാഘാത പഠനം നടത്താൻ കെ-റെയിൽ തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. നിലവിൽ ചുമതല നൽകിയ ഏജൻസികൾ തന്നെയാകും പഠനം നടത്തുക. അതിർത്തി നിർണയരീതി മാറുന്നുവെന്നതല്ലാതെ പഠനത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നാണ് കെ-റെയിൽ നിലപാട്. കല്ലിടലിനു പകരം ജിയോ ടാഗിങ് നടത്തിയോ വീടുകൾ, മരങ്ങൾ, മതിലുകൾ എന്നിവയിൽ അടയാളങ്ങൾ വരച്ചിട്ടോ അതിരിടാനാണ് റവന്യൂ വകുപ്പിന്റെ സർക്കുലർ. ഇതിൽ നേരിയ ആശയക്കുഴപ്പം ഉയർന്നിരുന്നു. ജിയോ ടാഗിങ് എന്നതുതന്നെയാണ് ഭൂമിയിലെ അടയാളപ്പെടുത്തൽകൊണ്ടും ഉദ്ദേശിക്കുന്നതെന്നാണ് കെ-റെയിൽ പറയുന്നത്. ഫലത്തിൽ കല്ലിടലിന് പകരം ഇനിയും അതിര് തിരിച്ചറിയാൻ അടയാളങ്ങളാകും വരച്ചിടുക.
ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലിഡാർ സർവേ നടത്തിയാണ് സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചത്. ലിഡാർ ഉപകരണം ഘടിപ്പിച്ച ചെറുവിമാനം ഉപയോഗിച്ച് കൊച്ചുവേളി മുതൽ കാസർകോട് വരെ ആകാശ സർവേ നടത്തിയ ശേഷമാണ് മാപ്പിൽ അലൈൻമെന്റ് അടയാളപ്പെടുത്തിയത്. ഈ അതിരുകൾ ഭൂമിയിൽ അടയാളപ്പെടുത്താനാണ് കല്ലിടലിന് കെ-റെയിൽ മുതിർന്നതും കനത്തചെറുത്തുനിൽപ്പുകൾക്ക് ഇടയായതും. ജി.പി.എസ് ഉപയോഗിച്ച് സിൽവർ ലൈനിന്റെ അതിരുകൾ അടയാളപ്പെടുത്തിയ ഭൂപടം നിലവിൽ കെ-റെയിലിന്റെ കൈവശമുണ്ട്. എന്നാൽ, നഷ്ടപരിഹാരം കണക്കാക്കുന്നതിനും ആഘാതം കൃത്യമായി പഠിക്കുന്നതിനും വ്യക്തമായ അതിരടയാളങ്ങൾ വേണമെന്നാണ് കെ-റെയിൽ നിലപാട്. കഴിഞ്ഞ ഡിസംബറിലാണ് സിൽവർ ലൈനിനായുള്ള കല്ലിടൽ ആരംഭിച്ചത്. എന്നാൽ, 529 കിലോമീറ്റര്‍ പാതയില്‍ 190 കിലോമീറ്റര്‍ മാത്രമാണ് അതിരടയാളം സ്ഥാപിക്കാൻ കഴിഞ്ഞത്. മൂന്നുമാസത്തിനകം സാമൂഹികാഘാതപഠനം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എതിര്‍പ്പിനെത്തുടര്‍ന്ന് പഠനവും തടസ്സപ്പെട്ടു. കല്ലുകൾ സമരസമിതിയും പ്രതിഷേധക്കാരും പിഴുതുമാറ്റുകയും ചെയ്തു. എതിര്‍പ്പു കാരണം സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പിന്റെ സർക്കുലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.