ശബരി റെയിൽപാത നിർമാണം ഏറ്റെടുക്കാൻ കെ റെയിൽ
text_fieldsതിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണജോലി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷൻ( കെ റെയിൽ). കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നിലവിൽ കെ റെയിലിനെയാണ് ഏൽപിച്ചിട്ടുള്ളത്.
കെ റെയിൽ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നൽകിയിരുന്നു. എന്നാൽ നിർമാണച്ചെലവിൽ പകുതി മുടക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും കേരളം ഇതുവരെ രേഖാമൂലം സമ്മതം നൽകിയിട്ടില്ല. 2017ലെ എസ്റ്റിമേറ്റ് പ്രകാരം 1407 കോടി രൂപ സംസ്ഥാനം മുടക്കേണ്ടിയിരുന്ന ഘട്ടത്തിൽ രേഖാമൂലം സമ്മതമറിയിച്ചിരുന്നു. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 493 കോടി രൂപ കൂടി അധികം വേണമെന്നതിനാൽ വീണ്ടും സമ്മതം നൽകണം. കേന്ദ്ര – കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്നതാണ് ശബരി റെയില്‍ പദ്ധതി. ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് ശബരി റെയില്‍പാതയ്ക്ക് വേണ്ടി വരിക. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് ശബരി റെയില്‍പാതയ്ക്ക് കണക്കാക്കിയിട്ടുള്ളത്. ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്തുന്ന 60 കി.മീ. ഇരട്ടപ്പാതയുടെ അലൈൻമെന്‍റ് സർവേയിലും കേന്ദ്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. രണ്ട് പദ്ധതികളുടെയും പ്രോജക്റ്റ് റിപ്പോർട്ട് താരതമ്യം ചെയ്ത ശേഷം ഏതിന് മുൻഗണന നൽകാമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.