ഭൂമി സംബന്ധിച്ച എല്ലാ സേവനങ്ങളും പ്രവാസി മലയാളികൾക്ക് ലഭ്യമാണെന്ന് കെ.രാജൻ
text_fieldsകോഴിക്കോട് : ഭൂമി സംബന്ധിച്ച എല്ലാ സേവനങ്ങളും പ്രവാസി മലയാളികൾക്ക് ലഭ്യമാണെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. www.revenue.kerala.gov.in എന്ന പോർട്ടലിലൂടെ സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് റവന്യൂ വകുപ്പ് നൽകി വരുന്ന എല്ലാ സേവനങ്ങളും യു.കെ, യു.എസ്.എ., കാനഡ, സിംഗപ്പൂർ, സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ തുടങ്ങിയ 10 വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്കു കൂടി ലഭ്യമാക്കിയെന്ന് ഇ.ചന്ദ്രശേഖരൻ, സി.കെ.ആശ, വി.ആർ. സുനിൽകുനാർ, വാഴൂർ സോമൻ എന്നവർക്ക് മന്ത്രി രേഖാമൂലം മറുപടി നൽകി.
റെലിസ് മുഖേന സിറ്റിസൺ ലോഗിനിലൂടെ നിലവിൽ ഭൂനികുതി, കെട്ടിട നികുതി, അധിക കെട്ടിട നികുതി തുടങ്ങിയവ ഓൺലൈനായി ഇ-പേയ്മെന്റ് പ്ലാറ്റ്ഫോം വഴി അടക്കാം.
ബി.ടി.ആർ പകർപ്പ്, തണ്ടപ്പേർ പകർപ്പ്, ലോക്കേഷൻ മാപ്പ്, എഫ്.എം..ബി സ്കെച്ച് (ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ) എന്നിവ ലഭ്യമാകുന്നതിനായി പൊതുജനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനം. ഫീസടക്കുവാനും ഡിജിറ്റലായി സാക്ഷ്യപ്പെടുത്തിയ ഈ പകർപകൾ ഡൗൺലോഡ് ചെയ്ത് എടുക്കുവാനും സാധിക്കും.
ഭൂമി തരംമാറ്റം അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും ഫീസടക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. മാനുവലായി നികുതി അടച്ച് വരുന്ന ഭൂമിക്ക് ഓൺലൈനായി നികുതി അടക്കുവാൻ സാധിക്കുന്നില്ലായെങ്കിൽ ആ വിവരം ബന്ധപ്പെട്ട വില്ലേജാഫീസറുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനും സാധിക്കും.
രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളുടെ പോക്ക് വരവ് നടപടിയുടെ വിവരങ്ങൾ ലഭ്യമാകും. സർവേ നമ്പറോ തണ്ടപ്പേർ നമ്പരോ നൽകിയാൽ വില്ലേജ് റിക്കാർഡുകളിലുള്ള നിലവിലെ ഭൂഉടമയുടെ വിവരങ്ങളും നികുതി ഒടുക്ക്/കുടിശ്ശിക വിവരങ്ങളും ലഭ്യമാകും.
സർവേ നമ്പറോ തണ്ടപ്പേർ നമ്പരോ നല്കിയാൽ ഈ സർവേ നമ്പരിൽ നടന്നിട്ടുള്ള ഭൂമിയുടെ കൈമാറ്റ വിവരങ്ങൾ ലഭ്യമാകും. ഭൂഉടമക്ക് ആധാർ ലിങ്കിങ് എന്ന സബ്മെനു ഉപയോഗിച്ച് തണ്ടപ്പേരിനെ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.