എം.ഐ രവീന്ദ്രൻ പട്ടയം നൽകുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് കെ.രാജൻ
text_fieldsതിരുവനന്തപുരം : ഇടുക്കി ദേവികുളം താലൂക്കിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർ എം.ഐ രവീന്ദ്രൻ പട്ടയം നൽകുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് മന്ത്രി കെ.രാജൻ. അതിനാൽ, വിവാദമായ രവീന്ദ്രൻ പട്ടയങ്ങളിൽ 410 എണ്ണം ഇതുവരെ റദ്ദു ചെയ്തു. ആകെ 541 പട്ടയങ്ങളാണ് രവീന്ദ്രൻ വിതരണം ചെയ്തത്.
ദേവികുളം താലൂക്കിൽ 1999 ൽ അഡീഷണൽ തഹസീതാർ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം.ഐ രവീന്ദ്രൻ പട്ടയം നൽകുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥല്ലാത്തതിനാൽ ഈ പട്ടയങ്ങൾ നിലനിർത്തുന്നതിന് യോഗ്യമല്ലെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. അതിനാലാണ് 2022 ജനുവരി 18ന് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതിനും അർഹരായവർക്ക് പുതിയ നൽകുന്നതിനുമാണ് ഉത്തരവിട്ടത്.
അർഹരായ അപേക്ഷകർക്ക് രണ്ടുമാസത്തിനകം പട്ടയം അനുവദിക്കുന്നതിനാണ് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരുന്നത്. എന്നാൽ, ഭൂപതിവ് ചട്ടങ്ങൾ പ്രകാരം നടപടി ക്രമങ്ങൾ പാലിച്ച് അർഹരായവർക്ക് പട്ടയം അനുവദിക്കുന്നതിന് അധിക സമയം കലക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2022 മേയ് 28ന് മൂന്ന് മാസം അധികസമയം സമയവും നവംബർ 17ന് വീണ്ടും മൂന്നുമാസം അധികസമയവും അനുവദിച്ചു.
ഇപ്പോഴും പട്ടയ നടപടികൾ പൂർത്തിയായിട്ടില്ല. പുതിയ പട്ടയങ്ങൾ ലഭിക്കുന്നതിന് നാളിതുവരെ 236 അപേക്ഷകൾ ലഭിച്ചു. അതിൽ 195 കേസുകളിൽ സർവേ നടപടികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ സർവേ കഴിഞ്ഞ കേസുകളിൽ ഉൾപ്പെട്ട വസ്തുക്കളുടെ സർവേ നമ്പരുകൾ ഉൾപ്പെടുത്തിയ പതിവ് ലിസ്റ്റ് ഭൂപതിവ് ചട്ടപ്രകാരം തയാറാക്കി.
ഭൂപതിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കലക്ടർക്ക് സമർപ്പിച്ച ലിസ്റ്റിന് അംഗീകാരം നൽകി ദേവികുളം തഹസീതാർക്ക് കൈമാറി. ഓരോ കേസിലും പതിച്ചുകിട്ടിയ കക്ഷികൾക്കും കൈമാറ്റം ലഭിച്ചവർക്കും ഉൾപ്പെടെ നോട്ടീസ് നൽകി വിചാരണ നടത്തി റദ്ദാക്കുകയും, പുതിയ അപേക്ഷകളിൽ മേൽ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ നടപടികളും പാലിച്ച് മുന്നോട്ടുപോകുന്നതിന് സ്വാഭാവികമായി സമയം ആവശ്യമാണ്. അതിനാലാണ് പുതിയ പട്ടയവിതരണം നീളുന്നതെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.