അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികൾക്ക് 15 ഏക്കറിലധികം ഭൂമിക്ക് ഇളവ് നൽകിയിട്ടില്ലെന്ന് കെ. രാജൻ
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികൾക്കും ഫാമുകൾക്കും 15 ഏക്കറിലധികം ഭൂമി കൈവശം വെക്കുന്നതിന് ഇളവ് നൽകിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ. പുതുതായി രൂപീകരിച്ച അട്ടപ്പാടി താലൂക്ക് നിലവിൽ മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ പരിധിയിലാണ്.
അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികൾക്കും ഫാമുകൾക്കും 15 ഏക്കർ ഭൂമിയിലധികം വാങ്ങുന്നതിന് മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡ് ഇളവ് അനുവദിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ എൽദോസ് പി. കുന്നപ്പിള്ളിക്ക് രേഖാമൂലം മറുപടി നൽകി. താലൂക്കിലെ എത്ര തോട്ടങ്ങൾക്ക്, എത്ര ഏക്കർ ഭൂമിക്കാണ് ഇപ്രകാരം ഇളവ് അനുവദിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകിയതുമില്ല.
മന്ത്രി ഇക്കാര്യം വെളിപ്പെടുത്തുമ്പോൾ അട്ടപ്പാടിയിൽ ചാരിറ്റബിൾ സൊസൈറ്റികളുടെയും ഫാമുകളുടെയും പേരിൽ 15 ഏക്കറിലധികം ഭൂമിക്ക് വില്ലേജുകളിൽനിന്ന് നികുതി അടച്ച് നൽകുന്നുണ്ട്. രാഷ്ട്രീയാധികാര സ്വാധീനം ഉപയോഗിച്ചാണ് പരിധിയിലധികം ഭൂമിക്ക് നികുതി അടക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ രക്ഷാധികാരിയായ വിദ്യാധിരാജ വിദ്യാട്രസ്റ്റ് 54 ഏക്കറാണ് കോട്ടത്തറയിൽ കൈവശം വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവാദമായിട്ടും റവന്യൂ വകുപ്പ് അന്വേഷണം നടത്തിയിട്ടില്ല. വില്ലേജിലെ എ.ആൻഡ് ബി രജിസ്റ്റർ പ്രകാരം ആദിവാസി ഭൂമി ഉൾപ്പെടെ ഈ ട്രസ്റ്റിന്റെ കൈവശമുണ്ട്.
കോട്ടത്തറ അഗ്രി ഫാമിങ് സൊസൈറ്റി എന്ന പേരിൽ കോഴിക്കോട് സ്വദേശികൾക്ക് 50 ഏക്കറിലധികം ഭൂമിക്ക് നികുതി അടച്ച് നൽകിയട്ടുണ്ട്. ഈ പേരിൽ സൊസൈറ്റിയുണ്ടെന്ന് കോട്ടത്തറക്കാർക്ക് അറിയില്ല. വില്ലേജ് രേഖകളിൽമാത്രമാണ് ഫാമിങ് സൊസൈറ്റിയുള്ളത്. കൊച്ചി നവനിർമാൺ എജ്യൂക്കേഷൻ സൊസൈറ്റിയെന്ന പേരിലും ഭൂമിയുള്ളതായി വില്ലേജ് രേഖകളുണ്ട്. ഇവരും അട്ടപ്പാടിയിൽ എന്ത് പ്രവർത്തനം നടത്തുന്നുവെന്ന് ആർക്കും അറിയില്ല. ചാലക്കൂടി സനാതന ഹെറിറ്റേജ് ട്രസ്റ്റിന്റെ പേരിൽ വ്യാപകമായി ഭൂമി വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ആദിവാസികൾ നൽകിയ പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.