ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കെ. രാജൻ
text_fieldsകൊച്ചി: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ രാജൻ. രാമമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 1.23 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.
അർഹരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിനാണ് പട്ടയ മിഷൻ എന്ന ആശയം സർക്കാർ ആവിഷ്ക്കരിച്ചത്. അതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും അതത് എം.എൽ.എ മാരുടെ അധ്യക്ഷതയിൽ പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഭൂമിയില്ലാത്ത അർഹരായവരെ കണ്ടെത്തി അറിയിക്കാൻ പട്ടയ അസംബ്ലികളിലൂടെ അവസരം ലഭിക്കും.
അനർഹമായി ഭൂമി കയ്യേറുന്നവരെ കണ്ടെത്തി ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടുന്നതിനും ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1.77 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നു.
എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടൊപ്പം പ്രാധാന്യമർഹിക്കുന്നതാണ് എല്ലാ ഭൂമിക്കും രേഖ എന്ന ആശയവും. അതിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഡിജിറ്റൽ റീസർവേ പൂർത്തീകരിക്കുന്ന സംസ്ഥാനത്തെ 15 വില്ലേജ് ഓഫീസുകളിൽ നവംബറിൽ സംയോജിത പോർട്ടൽ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), സർവേ വകുപ്പിന്റെ ഇ-മാപ്‌സ് ആപ്ലിക്കേഷൻ എന്നിവ ഒരൊറ്റ പോർട്ടലിലേക്ക് സംയോജിപ്പിച്ച് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് എന്റെ ഭൂമി സംയോജിത പോർട്ടൽ എന്നും മന്ത്രി പറഞ്ഞു
ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിശിഷ്ടാതിഥിയായി. കലക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസൺ വി. പോൾ, ബ്ലോക്ക് അംഗം സ്മിത എൽദോസ്, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മേരി എൽദോ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസർ പി.എൻ അനി, തഹസിൽദാർ രഞ്ജിത്ത് ജോർജ്, വിവിധ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.