ഗണേഷിന്റെ പരാതിയുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന് അഡ്വ.കെ. രാജു
text_fieldsപത്തനാപുരം: ഗണേഷ് കുമാര്‍ സി.പി.ഐക്കെതിരെ കാനത്തിന് പരാതി നല്കിയാല് അതിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും ഗണേഷ് കുമാറിന് തലക്കനമാണെന്നും മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ അഡ്വ.കെ. രാജു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിന് അനുയോജ്യമായ രീതിയിൽ എം.എൽ.എ പ്രവർത്തിച്ചില്ലെങ്കിൽ പിടിച്ചുകെട്ടാനറിയാം. സി.പി.ഐയെയും സി.പി.എമ്മിനെയും തമ്മിലടിപ്പിക്കാനാണ് ഗണേഷ് കുമാര്‍ ശ്രമിക്കുന്നത്. അസൂയയും കുശുമ്പുമാണ് ഗണേഷ് കുമാറിന്. അദ്ദേഹത്തിന് പല രീതിയിലും അഭിനയിക്കാനറിയാം. പത്തനാപുരത്ത് വികസന മുരടിപ്പാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.
ഗണേഷ് കുമാറിനെതിരെ സി.പി.ഐ രാഷ്ട്രീയവിശദീകരണ യോഗം നടത്തിയതോടെ ഇരുവിഭാഗവും തമ്മിലുള്ള തർക്കവും അഭിപ്രായവ്യത്യാസങ്ങളും മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ മണ്ഡലം സമ്മേളനങ്ങള്‍ മുതലാണ് ഇരുവിഭാഗവും തമ്മിലുള്ള പോര് മുറുകിയത്. സി.പി.ഐയുടെ പത്തനാപുരം, കുന്നിക്കോട് മണ്ഡലം സമ്മേളനങ്ങളിൽ പേരെടുത്തുപറഞ്ഞ് എം.എൽ.എയെ വിമര്‍ശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ചേർന്ന കേരള കോണ്‍ഗ്രസ് ബിയുടെ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പിൽ സി.പി.ഐക്കെതിരെ ഗണേഷ് കുമാർ പരസ്യ വിമർശനമുന്നയിച്ചു. പിന്നാലെയാണ് സി.പി.ഐ പത്തനാപുരം മണ്ഡലം നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നത്. ഹോർട്ടികോർപ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ, ജില്ല കൗൺസിൽ അംഗം എം. ജിയാസുദ്ദീന്‍ എന്നിവര്‍ രൂക്ഷമായാണ് എം.എൽ.എയുടെ പ്രവർത്തനങ്ങളെ വിമർശിച്ചത്. കേരള കോണ്‍ഗ്രസ് ബിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാഷ്ട്രീയവിശദീകരണയോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.