കോടികൾ മറിയുന്ന ഇടപാടിന് പിന്നിൽ ഉന്നതർ; കെ -റീപ് പദ്ധതിയിൽ കരാർ ‘കൊയ്ത്ത്’
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ ‘അസാപ് കേരള’യെ മുന്നിൽ നിർത്തി മഹാരാഷ്ട്രയിലെ വിവാദ കമ്പനിക്ക് നൽകുന്നു.
സോഫ്റ്റ്വെയർ പിഴവു കാരണം പരീക്ഷഫലവും മാർക്ക് ലിസ്റ്റും മാസങ്ങളോളം വൈകിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ വിവിധ സർവകലാശാലകൾ പടിക്കുപുറത്താക്കിയ മഹാരാഷ്ട്ര നോളജ് കോർപറേഷൻ ലിമിറ്റഡ് (എം.കെ.സി.എൽ) കമ്പനിക്കാണ് സോഫ്റ്റ്വെയർ കരാർ നൽകാനുള്ള നീക്കം നടക്കുന്നത്. ഇതിന് മുന്നോടിയായി അസാപിന് സോഫ്റ്റ്വെയർ വികസിപ്പിക്കൽ കരാർ നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി. തുടർനടപടികൾക്ക് നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകുകയും ചെയ്തു.
വിപുലമായ സോഫ്റ്റ്വെയർ സൊലൂഷൻ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യമില്ലാത്ത അസാപിന് പിന്നിൽ എം.കെ.സി.എല്ലിനെ നിർത്തിയാണ് ഇടപാട്. സോഫ്റ്റ്വെയർ പിഴവും നിലവാരമില്ലാത്ത സേവനവും കാരണം നാഗ്പൂർ സർവകലാശാല 2022ൽ എം.കെ.സി.എല്ലിന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മുംബൈ സർവകലാശാലയിലും ഇവർക്കെതിരെ വ്യാപക പരാതി ഉയർന്നു. ഇത്തരമൊരു കമ്പനിയെ കോടികൾ മറിയുന്ന ഇടപാടിലേക്ക് ആനയിക്കുന്നതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന.
നേരത്തേ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച കമ്പനികളെയും സ്റ്റാർട്ടപ് സംരംഭങ്ങളെയും വിളിച്ചുവരുത്തി സർവകലാശാലാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അവതരണം നടത്തിച്ചിരുന്നു. എന്നാൽ, ടെൻഡർ ക്ഷണിക്കാതെയും സർവകലാശാലകൾക്ക് മുന്നിൽ അവതരണം നടത്തിക്കാതെയുമാണ് അസാപിന് കരാർ നൽകുന്നത്.
സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷന്റെയും ഡോ. സി.ടി അരവിന്ദ്കുമാർ അധ്യക്ഷനായ പരീക്ഷ പരിഷ്കരണ കമീഷന്റെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാനടത്തിപ്പ് മേഖലയിൽ സോഫ്റ്റ്വെയർ രീതി കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ, സർക്കാർ കമ്പനിയായ അസാപിനാണ് കരാർ നൽകുന്നതെന്നും അതിൽ ക്രമക്കേടില്ലെന്നുമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധികൃതർ വാദിക്കുന്നത്.
വിദ്യാർഥികളെ പിഴിയും; പരീക്ഷാഫീസ് ഉയരും
തിരുവനന്തപുരം: കെ-റീപ് പദ്ധതിയിലൂടെ പരീക്ഷ നടത്തിപ്പിൽ കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് വിദ്യാർഥികളിൽനിന്ന് പ്രത്യേകം ഫീസ് ഈടാക്കാനും നീക്കം. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഓരോ സെമസ്റ്ററിലും ഓട്ടോമേഷൻ ചാർജ് ഇനത്തിൽ അധിക ഫീസ് നൽകേണ്ടിവരും. ഫലത്തിൽ പരീക്ഷ ഫീസ് കുത്തനെ ഉയരും.
സർക്കാർ തലത്തിൽ സംവിധാനമൊരുക്കി എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കാനാണ് ശ്യാം ബി. മേനോൻ, ഡോ. അരവിന്ദ്കുമാർ കമീഷൻ റിപ്പോർട്ടുകൾ ശിപാർശ ചെയ്തത്. 80 കോടി ചെലവിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. പിന്നീടാണ് വിദ്യാർഥികളിൽനിന്ന് സേവനത്തിന് പ്രത്യേകം ഫീസ് ചുമത്തി പദ്ധതി നടപ്പാക്കുന്ന രീതിയിൽ മാറ്റാൻ തീരുമാനിച്ചത്.
അസാപിനെ മുന്നിൽ നിർത്തി മഹാരാഷ്ട്ര കമ്പനിയെ പദ്ധതി ഏൽപ്പിക്കുന്നതോടെ സോഫ്റ്റ്വെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭാവിയിൽ കമ്പനിയെ ആശ്രയിക്കേണ്ടി വരും. സാങ്കേതിക സർവകലാശാലയിൽ കെൽട്രോണിനെ മുന്നിൽ നിർത്തി പരീക്ഷാ സോഫ്റ്റ്വെയർ വികസിപ്പിച്ചുനൽകിയത് സ്വകാര്യ കമ്പനിയാണ്.
സോഫ്റ്റ്വെയറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർവകലാശാല ഇപ്പോഴും സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇതേ അവസ്ഥ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർവകലാശാലകൾക്കും വരുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.