കെ -റീപ്; മഹാരാഷ്ട്ര കമ്പനിക്ക് കരാർ നൽകാൻ സമാന്തര ടെക്നിക്കൽ കമ്മിറ്റിയും
text_fieldsതിരുവനന്തപുരം: സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ളവ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള കെ-റീപ്പദ്ധതിക്കുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കൽ അസാപിനെ മുന്നിൽ നിർത്തി മഹാരാഷ്ട്രയിലെ കമ്പനിക്ക് നൽകാൻ തീരുമാനിച്ചത് സമാന്തര ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ച്. പദ്ധതിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപവത്കരിച്ച ടെക്നിക്കൽ കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് മറ്റൊരു ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ചത്. സർവകലാശാലകളിലെ കമ്പ്യൂട്ടർ -സോഫ്റ്റ്വെയർ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ചായിരുന്നു സർക്കാർതല ടെക്നിക്കൽ കമ്മിറ്റി. എന്നാൽ, സർവകലാശാലകളിൽനിന്നുള്ളവരെയെല്ലാം ഒഴിവാക്കിയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമാന്തര കമ്മിറ്റിക്ക് രൂപം നൽകിയതും അസാപിന് കരാർ നൽകാൻ നിർദേശിച്ചതും. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി മേയ് 24ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ടെൻഡർ നടപടികൾ പാലിക്കാതെയും ടെക്നിക്കൽ കമ്മിറ്റിയെ മറികടന്നും അസാപ് വഴി മഹാരാഷ്ട്ര കമ്പനിക്ക് കരാർ നൽകാനുള്ള നിർദേശത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിയോജിപ്പ് അറിയിക്കുകയും ഉത്തരവിറക്കാൻ വിസമ്മതിക്കുകയും ചെയ്തു.
ഇതിനെ തുടർന്നാണ് അസാപിന് കരാർ നൽകാൻ അഡീഷനൽ സെക്രട്ടറിയെകൊണ്ട് ഉത്തരവിറക്കി കൗൺസിലിന് കത്ത് നൽകിയത്. കെ-റീപ് പദ്ധതിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷയായ മോണിറ്ററിങ് കമ്മിറ്റി നിലവിലുണ്ടെങ്കിലും ഇതിനെയും മറികടന്നാണ് മഹാരാഷ്ട്ര കമ്പനിയുമായുള്ള ഇടപാട് ഉറപ്പിച്ചത്. കെ-റീപ് സോഫ്റ്റ്വെയർ സർവകലാശാലകളിലെ ഐ.ടി വിഭാഗങ്ങൾ സംയുക്തമായി രൂപപ്പെടുത്താനായിരുന്നു ഇതുസംബന്ധിച്ച ഉന്നതതല യോഗത്തിലെ ആദ്യതീരുമാനം. ഇതിനായുള്ള പ്രത്യേക ശിൽപശാല കുസാറ്റിൽ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നടന്ന ഉന്നതതല യോഗത്തിൽ ടെൻഡറില്ലാതെ ടി.സി.എസിന് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായി കമ്പനി അധികൃതരുടെ അവതരണമാണ് നടത്തിയത്.
ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളിൽ ചിലരും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ഇതിനെ ചോദ്യം ചെയ്തു. പിന്നീടാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ തലത്തിൽ സമാന്തര ടെക്നിക്കൽ കമ്മിറ്റിയുണ്ടാക്കി അസാപ് വഴി പദ്ധതി നടത്താനും തീരുമാനിച്ചത്. തൊഴിൽ നൈപുണി കോഴ്സുകളുടെ സർക്കാർ ഏജൻസിയായി അറിയപ്പെടുന്ന അസാപിന് സോഫ്റ്റ്വെയർ മേഖലയിൽ വൈദഗ്ധ്യമില്ലെന്നിരിക്കെയാണ് ഈ നീക്കം നടന്നത്. സി-ഡിറ്റ്, കെൽട്രോൺ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്ക് സോഫ്റ്റ്വെയർ മേഖലയിൽ വൈദഗ്ധ്യമുണ്ടെങ്കിലും പദ്ധതിയിലേക്ക് അടുപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.