ശശീന്ദ്രനെതിരായ ആരോപണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കാനിടയാക്കിയ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ഏറ്റെടുത്തതുകൊണ്ടല്ല, ധാർമ്മികതയുടെ പേരിലാണ് ശശീന്ദ്രൻ രാജിവെച്ചത്. നിയമവിരുദ്ധമായ ഫോൺ ചോർത്തൽ പ്രത്യേകം പരിശോധിക്കും. ആര് അന്വേഷിക്കണമെന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശശീന്ദ്രെൻറ രാജി ഗവർണർക്ക് കൈമാറി. ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു രാജി തീരുമാനിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജി വെക്കുകയാണെന്ന് അദ്ദേഹം തീരുമാനിച്ചപ്പോള്‍ തിരുത്താനും പോയില്ല. വസ്തുതയല്ലാത്ത ആരോപണമാണെങ്കില്‍ ഇങ്ങനെയുള്ള രാജികള്‍ അതിന് പ്രോത്സാഹനമാകും. പൊതുസമൂഹം ശശീന്ദ്രന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പിണറായി പറഞ്ഞു.
ഇടുക്കി വിഷയത്തിലാണ് ഇന്ന് യോഗം ചേർന്നത്. കൈയേറ്റക്കാർക്കെതിരെ നിർദാക്ഷിണ്യം നടപടിയെടുക്കും. കൈയേറ്റം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. എന്നാൽ നൂറ്റാണ്ടുകളായി താമസിച്ചുവരുന്നവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിെൻറ പാരിസ്ഥിതിക പ്രത്യേക മൂലം അവിടെ എത്തുന്നവർക്ക് താമസസൗകര്യമൊരുക്കാനെന്ന വണ്ണം റിസോർട്ടുകൾ പണിയുന്നത് അനുവദിക്കാനാവില്ല.
മൂന്നാറിെൻറ പ്രകൃതിയെ സംരക്ഷിക്കും. അനധികൃതമായ റിസോർട്ടു നിർമ്മാണങ്ങൾ നിയന്ത്രിക്കും. ഭൂപ്രകൃതി അനുസരിച്ച് നിർമാണം നടത്താൻ നിയമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും പിണറായി പറഞ്ഞു.
കൈയേറ്റ വിഷയത്തിൽ ദേവീകുളം സബ്കലക്ടറെ മാറ്റുന്ന കാര്യം യോഗം ചർച്ച ചെയ്തിട്ടില്ല. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ മൂന്നാറിലുള്ള വീട് പട്ടയഭൂമിയിലാണ്. രാജേന്ദ്രനെതിരെ മുമ്പും ഇത്തരത്തിൽ ആരോപണമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇടുക്കിയിലെ പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മരം നട്ടുപിടിപ്പിച്ചത് മുറിക്കാൻ കഴിയുന്നില്ലെന്നതാണ് ഇടുക്കിയിലെ ജനങ്ങളുടെ പ്രധാന പ്രശ്നം. നേരത്തെ തന്നെ മുറിച്ചു മാറ്റാവുന്ന 28 മരങ്ങൾ കണക്കാക്കിയിട്ടുണ്ട്. അതിൽപ്പെട്ടവ മുറിക്കുന്നതിന് നിയമ തടസം ഉണ്ടാകില്ല.
പ്രകൃതിലോല പ്രദേശങ്ങളിൽ വീടുവെക്കുന്നതിന് റവന്യു അധികൃതർ അനുമതി നൽകണമെന്നാണ് ഹൈകോടതി ഉത്തരവ്. ഇതു പ്രകാരം സബ്കലക്ടറാണ് നിർമാണത്തിന് അനുമതി നൽകുന്നത്. ജില്ലയിലുള്ളവർക്ക് വീട് നിർമാണത്തിന് അനുമതി വാങ്ങുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സബ്കലക്ടറുടെ അധികാരം വികേന്ദ്രീകരിക്കുക്, പലഭാഗങ്ങളിലായി സിറ്റിങ് നടത്തുക എന്നിങ്ങനെയുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. പ്രദേശത്തെ പട്ടയ വിതരണം ത്വരിത ഗതിയിൽ നടപ്പാക്കികൊണ്ടിരിക്കയാണെന്നും ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പ്രതീഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.