മറവി രോഗം: മാധ്യമങ്ങളെ പഴിച്ച് സച്ചിദാനന്ദൻ
text_fieldsതൃശൂർ: തന്റെ താൽക്കാലിക മറവി രോഗം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത അവാസ്തവമാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. താൽക്കാലിക മറവി രോഗം (ട്രാൻസിയെന്റ് ഗ്ലോബൽ അംനേഷ്യ) ബാധിച്ചതിനാൽ ഇനി പൊതുപരിപാടികളിൽ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട കുറിപ്പ് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിനെതിരെയാണ് പുതിയ കുറിപ്പുമായി സച്ചിദാനന്ദൻ രംഗത്തുവന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽനിന്ന്:
‘എന്റെ എഫ്.ബി പ്രസ്താവം എത്ര വളച്ചൊടിച്ചാണ് മാധ്യമങ്ങൾ കൊടുത്തിരിക്കുന്നത്! കുറെപേര് സന്തോഷിക്കുന്നത് എനിക്ക് കാണാം. ആയിട്ടില്ല കൂട്ടരേ. എനിക്കു പ്രതികരിക്കാന്‍ അനേകം മാധ്യമങ്ങള്‍ ഉണ്ട്. ഫേസ്ബുക്ക്, ലേഖനം, കവിത, കഥ അങ്ങനെ. ഒരു പ്രസംഗത്തേക്കാള്‍ എത്രയോ കൂടുതൽ ആളുകൾ ഒരു ലേഖനം കാണും. ഓടിനടന്നുള്ള പ്രസംഗം ഉണ്ടാക്കുന്ന സ്ട്രെയ്ൻ ഒഴിവാക്കാൻ ഡോക്ടർമാര്‍ പറയുന്നു. ഈ രോഗാവസ്ഥയില്‍ പോലും ഒരു 78കാരനോട് അനുതാപം ഇല്ലാത്തവരെ ഞാൻ മനുഷ്യരായി കാണുന്നില്ല. രണ്ടു മിനിറ്റിന്റെ മറവി ശാശ്വതമായ മറവിരോഗവും അല്ല. മറവി കൂടുതൽ കാണുന്നത് മാധ്യമങ്ങൾക്കാണ്’.
ഏഴു വർഷംമുമ്പ് പിടികൂടിയ താൽക്കാലിക മറവിരോഗം വീണ്ടും അലട്ടിത്തുടങ്ങിയതിനാൽ പൊതുജീവിതത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും അക്കാദമി ചെയർമാനായി തുടരുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്തുവും ബുദ്ധനും ഒക്കെ പ്രസംഗിച്ചിട്ടും നന്നാകാത്ത ലോകം പ്രസംഗത്തിലൂടെ നന്നാകില്ലെന്ന് കഴിഞ്ഞ 60 വർഷത്തെ ജീവിതം തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.