ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ സങ്കടം, സാഹിത്യോത്സവം നടത്തുന്നത് ചുരുങ്ങിയ ഫണ്ടുകൊണ്ട് -കെ. സച്ചിദാനന്ദൻ
text_fieldsതൃശൂർ: ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നതെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതിഫല പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. ‘ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണ്. അതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ല. അഡ്മിനിസ്ട്രേഷൻ ഭാഗത്ത് നിന്നുണ്ടായ വിഷയമാണ്. പ്രശ്നം ഉടൻ പരിഹരിക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോൽസവത്തിൽ രണ്ട് മണിക്കൂർ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിച്ചതിന് പ്രതിഫലമായി നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും 3500 രൂപ തനിക്ക് ചെലവായെന്നുമായിരുന്നു ചുള്ളിക്കാട് പറഞ്ഞത്. ‘എറണാകുളത്തുനിന്ന് തൃശൂർവരെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ. 3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്’ -ചുള്ളിക്കാട് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു.
‘പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി.
ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്’ -ചുള്ളിക്കാട് സോഷ്യൽമീഡിയയിലുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.