ആശ സമരത്തിന് പിന്തുണയുമായി വീണ്ടും സച്ചിദാനന്ദൻ;‘ന്യൂനപക്ഷമെന്ന് പറഞ്ഞ് ആക്ഷേപിക്കരുത്’
text_fieldsതിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം അനന്തമായി നീളുന്നതിൽ സർക്കാറിനെ വിമർശിച്ച് സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ. സമരക്കാരെ സർക്കാർ ചർച്ചക്ക് വിളിക്കുകയാണ് വേണ്ടത്. സമരവേദിയിൽ സംഘടിപ്പിച്ച ജനസഭയിലാണ് സച്ചിദാനന്ദന്റെ ശബ്ദ സന്ദേശം കേൾപ്പിച്ചത്.
ആരു സമരം നടത്തിയാലും അവരുടെ ആവശ്യങ്ങളിൽ ന്യായമുണ്ടെങ്കിൽ സർക്കാർ ചർച്ചക്ക് വിളിക്കണം. കഴിയുന്ന രീതിയിലുള്ള ഒത്തുതീർപ്പ് ഉണ്ടാക്കാനും ശ്രമിക്കണം. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്ന് അവകാശപ്പെടുന്നവർ തന്നെ ഇനി ഓണറേറിയം കൂട്ടേണ്ടത് കേന്ദ്രസർക്കാറാണെന്ന പറയുന്നതിൽ വൈരുധ്യമുണ്ട്. ഇത് ആർക്കും മനസിലാകുന്നതുമാണ്. ആശാവർക്കർമാരുടെ വേതനകാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തൊഴിലാളികളെ അധിക്ഷേപിക്കുകയോ പരുഷമായ പുരുഷ ഭാഷയിൽ ശകാരിക്കുകയോ അവർ ന്യൂനപക്ഷമാണെന്ന് പറഞ്ഞ് അപമാനിക്കുകയോ ചെയ്യാതെ അവരെ ചർച്ചക്ക് വിളിക്കുകയാണ് വേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു. നേരത്തെയും ആശ സമരത്തിനെ പിന്തുണച്ച് സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.