കെ-സ്മാർട്ട് വൈകുന്നു; സേവനങ്ങൾ മുടങ്ങുന്നു
text_fieldsതിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ കെ-സ്മാർട്ട് സോഫ്റ്റ്വെയർ സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കവേ പല സേവനങ്ങളും മുടങ്ങുന്നത് പതിവായി. കോർപറേഷനുകളിലും നഗരസഭകളിലും കെട്ടിടനിർമാണ അപേക്ഷ നൽകുന്നതടക്കം മുടങ്ങി. പുതിയ സോഫ്റ്റ്വെയർ വന്നതിനാൽ നിലവിലെ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്) സ്വകാര്യ സോഫ്റ്റ്വെയർ വഴിയുള്ള കെട്ടിടനിർമാണ പെർമിറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകലടക്കമുള്ള സേവനങ്ങൾ നിർത്തിയിരിക്കുകയാണ്.
അതേസമയം, കെ-സ്മാർട്ട് സോഫ്റ്റ്വെയറിനെതിരെ ഐ.ബി.പി.എം.എസ് നടപ്പാക്കിയ അഹ്മദാബാദ് ആസ്ഥാനമായ ദേവ് ഇൻഫർമേഷൻ ടെക്നോളജി പരാതിയുമായി സർക്കാറിനെ സമീപിച്ചു. 2024 നവംബർ അഞ്ചുവരെ കരാർ കാലാവധിയുണ്ടെന്നും നടത്തിപ്പിൽ പിഴവുണ്ടെങ്കിലല്ലാതെ നിർത്തിവെക്കാൻ പാടില്ലെന്നുമാണ് കമ്പനിയുടെ വാദം. സംസ്ഥാനത്തെ 87 നഗരസഭകളിലും കോഴിക്കോട് ഒഴികെ അഞ്ച് കോർപറേഷനുകളിലുമാണ് ഐ.ബി.പി.എം.എസ് നിലവിലുള്ളത്.
2017 ജൂണിലാണ് ഐ.ബി.പി.എം.എസ് സാങ്കേതികവിദ്യ നടപ്പാക്കാൻ കമ്പനിയെ തെരഞ്ഞെടുത്തത്. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്വെയർ ഒഴിവാക്കി സ്വകാര്യകമ്പനിയെ കൊണ്ടുവരുന്നതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 2023ൽ കരാർ പുതുക്കിയതിന് പിന്നാലെയാണ് തദ്ദേശവകുപ്പ് കെ-സ്മാർട്ട് സാങ്കേതിക വിദ്യയിലേക്ക് കടന്നത്. 3.25 കോടിയിൽപരം രൂപയുടെ കരാർ അഞ്ച് വർഷത്തേക്കാണ് ഐ.ബി.പി.എം.എസ് 2017ൽ ഒപ്പിട്ടത്. 2023 മേയ് മുതൽ ഒന്നരവർഷത്തേക്കാണ് കരാർ നീട്ടിനൽകിയത്.
21 ലക്ഷം രൂപയാണ് കരാർതുക. എന്നാൽ കെട്ടിടനിർമാണ പെർമിറ്റ് നൽകുന്നതുൾപ്പെടെ സ്വകാര്യ സോഫ്റ്റ്വെയറിനെ ഏൽപിച്ചതിനെതിരെ കെട്ടിടനിർമാണ ലൈസൻസികൾ രംഗത്തുവന്നതോടെയാണ് സർക്കാർ ഇപ്പോൾ മാറിചിന്തിച്ചത്.
ജനുവരി ഒന്നുമുതൽ കെ-സ്മാർട്ട് സോഫ്റ്റ്വെയർ വന്നെങ്കിലും പൂർണസജ്ജമാകാത്തതാണ് അപേക്ഷകളിൽ തീരുമാനം വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.