കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും-എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും.
ഈ മൂന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കെ സ്മാർട്ട് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ സ്മാർട്ട് വിന്യസിക്കുന്നത്.
ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്റ്റ്വെയറുകളും വികസിപ്പിച്ചത്. 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും കെ സ്മാർട്ട് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്, ഇതാണ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. കെ സ്മാർട്ട് പഞ്ചായത്തുകളിൽ കൂടി വിന്യസിക്കുന്നതോടെ ഇ ഗവേണൻസ് രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടമാകും ദൃശ്യമാവുകയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള വിപുലമായ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. പൈലറ്റ് റണ്ണിനായി തെരഞ്ഞെടുത്ത കരകുളം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.