Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-സ്മാർട്ട് ഏപ്രിൽ 10...

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

text_fields
bookmark_border
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
cancel

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം.

കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്.

ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വിവിധ സോഫ്റ്റ്‌വെയറുകൾക്ക് പകരമായി കെ-സ്മാർട്ട് വിന്യസിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് കെ-സ്മാർട്ടിലൂടെ യാഥാർഥ്യമാകുന്നത്.

2024 ജനുവരി ഒന്നു മുതൽ കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കെ-സ്മാർട്ട് നിലവിൽ വന്നിട്ടുണ്ട്. 2025 ഏപ്രിൽ 10ന് 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും കെ സ്മാർട്ടിന്റെ സേവനം വ്യാപിപ്പിക്കും. കെ-സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് പേപ്പർ രഹിതമായി ഡിജിറ്റൽ ഒപ്പിട്ട് അപേക്ഷകൾ സ്ഥലകാല പരിമിതികൾ ഇല്ലാതെ സമർപ്പിക്കാം.

വ്യക്തികേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങളും ലഭ്യമാക്കിയ വിവരങ്ങളും പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കും. വാട്സാപ്പ്, ഇ മെയിൽ വഴി രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കും. ആധാർ/ പാൻകാർഡ്/ ഇ മെയിൽ ഐഡി വഴി കെ-സ്മാർട്ടിൽ ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്യാതെയും ഫോൺ നമ്പർ മാത്രം നൽകി പ്രധാന സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.

അക്ഷയ കേന്ദ്രങ്ങൾ, കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുകൾ എന്നിവ വഴിയും അപേക്ഷകളും പരാതികളും നൽകാം. ഇടനിലക്കാർ ഇല്ലാതെയും ഓഫിസിൽ നേരിട്ട് വരാതെയും അപേക്ഷകളുടെയും പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈനായി അപേക്ഷകന് സമയാസമയം അറിയാനാകും. കെ-സ്മാർട്ടിലൂടെ അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ അടക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

കെ-സ്മാർട്ടിൽ സംയോജിപ്പിച്ച ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് നിർമാണാനുമതി നല്കിയ കെട്ടിടങ്ങളുടെ വിവരങ്ങൾ K-MAP എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. KNOW YOUR LAND ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുകയെന്ന വിവരം ലഭ്യമാകും. കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടും.

ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും.

വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationalk-smart
News Summary - K-Smart will be fully operational from April 10th
Next Story