സ്ഥാനാർഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ട -കെ.പി.സി.സി
text_fieldsതിരുവനന്തപുരം: ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരും സ്വയം പ്രഖ്യാപനം നടത്തേണ്ടെന്ന് കെ.പി.സി.സി നിർവാഹകസമിതി. അത്തരം കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും സ്വന്തം നിലയിൽ പ്രഖ്യാപനം നടത്തുന്നത് എത്ര ഉന്നതനായാലും വെച്ചുപൊറുപ്പിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. ലോക്സഭ മത്സരത്തിനില്ലെന്നും എം.എൽ.എയാകാനാണ് താൽപര്യമെന്നും ചില കോൺഗ്രസ് ലോക്സഭാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഭാരവാഹികളുടെ യോഗത്തിനു പിന്നാലെ, വ്യാഴാഴ്ച നടന്ന നിർവാഹകസമിതി യോഗത്തിലും എം.പിമാരുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
‘നീ പാർലമെന്‍റിലേക്ക്, ഞാൻ അസംബ്ലിയിലേക്ക് എന്നൊക്കെ പറയാൻ നിങ്ങളൊക്കെ ആരാണ്’ എന്നായിരുന്നു യോഗത്തിൽ കെ. സുധാകരന്‍റെ ചോദ്യം. അക്കാര്യങ്ങളൊക്കെ പാർട്ടി തീരുമാനിക്കും, സ്വയം തീരുമാനിക്കേണ്ട. ഇതൊന്നും പാർട്ടിക്ക് അംഗീകരിക്കാനാകില്ല. ദീർഘകാലം ലോക്സഭാംഗങ്ങളായിരുന്നവർ മാറണമെന്നുപറഞ്ഞാൽ അംഗീകരിക്കാം. പക്ഷേ, അങ്ങനെ മാറുന്നവർ പകരക്കാരനെയൊന്നും തീരുമാനിക്കേണ്ട. അതൊക്കെ തീരുമാനിക്കാൻ പാർട്ടിയുണ്ട് -സുധാകരൻ രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രി മോഹികളെ തട്ടി നടക്കാൻ പറ്റുന്നില്ലെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. വർഷങ്ങളായി പാർലമെന്‍റിലുള്ളവർ മാറുന്നെങ്കിൽ ആകാമെങ്കിലും പരസ്യമായി അതുസംബന്ധിച്ച് പ്രതികരിക്കേണ്ട കാര്യമില്ലെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. പരസ്യനിലപാടുകളോട് എ.കെ. ആന്റണിയും യോജിച്ചില്ല.
ഡി.സി.സി തലം വരെയുള്ള പാർട്ടി പുനഃസംഘടന സമയബന്ധിതമായി പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളും പാർട്ടി പരിപാടികളുടെ നടപ്പാക്കലും വിജയിപ്പിക്കാൻ പുനഃസംഘടന അനിവാര്യവും സമയബന്ധിതവുമാകണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അഞ്ചുവർഷം പ്രവർത്തിച്ചവരെ പദവികളിൽനിന്ന് മാറ്റിനിർത്തണമെന്ന കരട് മാനദണ്ഡത്തിലെ നിർദേശം അതേപടി നടപ്പാക്കേണ്ടെന്ന് യോഗം നിർദേശിച്ചു. അഞ്ചുവർഷം പ്രവർത്തിച്ചവരിൽ കഴിവുള്ളവരെ അതേ പദവിയിൽ നിലനിർത്തുകയോ അർഹമായ മറ്റ് പദവികളിലേക്ക് മാറ്റുകയോ വേണമെന്ന നിർദേശമാണുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.