അംഗത്വവിതരണം: ലക്ഷ്യം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച് കെ.പി.സി.സി പ്രസിഡന്‍റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 50 ലക്ഷം പേർക്ക് പാർട്ടി അംഗത്വം നൽകുകയെന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. 13 ലക്ഷം ഡിജിറ്റൽ അംഗത്വവും 22 ലക്ഷം പേപ്പർ അംഗത്വവുമാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെക്കാൾ അംഗത്വം വർധിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. ഡിജിറ്റൽ അംഗത്വം മാത്രമെന്ന ആദ്യനിർദേശമാണ് ഇതിന് തടസ്സമായത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അംഗത്വ വിതരണത്തിനുള്ള സമയവും ഇത്തവണ കുറവായിരുന്നു. എന്തായാലും ഇത്തവണ അംഗത്വം പഴയപടിയല്ലെന്നും കൃത്യമായ അംഗത്വമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
എ.ഐ.സി.സി നേതൃത്വത്തിനെതിരെ പി.ജെ. കുര്യൻ നടത്തിയ പരാമർശം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ അവരാണ് തീരുമാനമെടുക്കേണ്ടത്. കാര്യങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ച കാണാമെന്ന് കുര്യൻ അറിയിച്ചിട്ടുമുണ്ട്. രക്തസാക്ഷി പരിവേഷം കിട്ടാനാണ് കെ.വി. തോമസ് ശ്രമിക്കുന്നത്. അദ്ദേഹത്തെ ഒരുഘട്ടത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ല.
വിലക്ക് ലംഘിച്ച് തോമസ് സെമിനാറിന് പോകുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മാത്രമേ താൻ മറുപടി നൽകിയിട്ടുള്ളൂ. തന്‍റെ വരുമാനം ആർക്കും പരിശോധിക്കാം, തുറന്ന പുസ്തകമാണ്. ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനറായത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹത്തിന് എല്ലാ മംഗളങ്ങളും നേരുന്നെന്നായിരുന്നു സുധാകരന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.