കരുണാകരന് സ്മാരകം ഉയരാത്തത് പാർട്ടിയുടെ ദൗർബല്യം -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് സ്മാരകം നിർമിക്കാൻ സാധിക്കാത്തത് പാർട്ടിയുടെ ദൗർബല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കെ. കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും ആഗ്രഹമാണ് കെ. കരുണാകരൻ സ്മാരക മന്ദിരം. ഇത്രയായിട്ടും ലീഡറുടെ പേരിൽ സ്മാരകം കെട്ടിപ്പൊക്കാൻ കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ദൗർബല്യമായാണ് കാണുന്നത്. പണി പൂർത്തിയാക്കി മാസങ്ങൾകൊണ്ട് പ്രവർത്തനനിരതമാക്കുമെന്ന് പ്രതിജ്ഞയെടുത്താണ് ഇതിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതെന്ന് സുധാകരൻ പറഞ്ഞു.
കരുണാകരന്റെ പേരിൽ സ്മാരകമില്ലാത്തതിന്റെ പേരിൽ കേരളത്തിലെ മാധ്യമങ്ങളെല്ലാം കോൺഗ്രസിനെ പരിഹസിക്കുകയാണെന്ന് എ.കെ. ആന്റണി പറഞ്ഞു. ഈ നാണക്കേടിന് പരിഹാരം ഉണ്ടാകണമെങ്കിൽ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കണം. അതു സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആന്റണി പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്ന് ശശി തരൂർ എം.പി. കരുണാകരനാണ് പദ്ധതി യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കരുണാകരൻ സ്മാരക മന്ദിര നിർമാണ പ്രവർത്തന ഫണ്ട് സമാഹരണ ഉദ്ഘാടനത്തിൽ തരൂർ പറഞ്ഞു.
രാജ്യത്തെ 80 ശതമാനം വിമാനത്താവളങ്ങളും വ്യക്തികളുടെ പേരിലാണ്. നിലവിൽ സംസ്ഥാനം ഭരിക്കുന്നവർ എയർപോർട്ടിനെ എതിർത്തവരാണ്. അവരിപ്പോൾ അതിൽ സഞ്ചരിച്ച് ആസ്വദിക്കുകയാണ്. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച വ്യക്തിയാണ് കരുണാകരൻ. ആദ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നെന്ന് തരൂർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.