ആരോഗ്യ സംരക്ഷണം പ്രധാനം; വിശക്കുന്നവന്‍റെ വിശപ്പടക്കാൻ എല്ലാവരും മുന്നിലുണ്ടാകണം -കെ.സുധാകരൻ
text_fieldsകണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരൻ പ്രാധാന്യം ഓർമിപ്പിച്ചത്. പ്രതിസന്ധിയുടെ ഈ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യമെന്ന് ഓർപ്പിച്ച സുധാകരൻ നല്ല ഭക്ഷണം കഴിക്കണമെന്ന കാര്യവും ഉണർത്തി.
കെ.സുധാകരൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
അന്താരാഷ്ട്ര യോഗ ദിനം ആണല്ലോ ഇന്ന്. എന്റെ ജീവിതത്തിൽ ഇടക്ക് കൂടെ കൂടിയ യോഗാഭ്യാസം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമാണ്. ഏകാഗ്രതക്കും മാനസികോന്മേഷത്തിനും യോഗ സഹായകരമാണ് എന്നതാണ് എന്റെ അനുഭവം. ആരോഗ്യ സംരക്ഷണം എന്നും പ്രാധാന്യമുള്ള കാര്യമാണ്. എന്നും രാവിലെ കുറച്ച് സമയമെങ്കിലും വീട്ടിലെ ജിമ്മിൽ ശാരീരിക വ്യായാമത്തിനായും ചിലവഴിക്കാറുണ്ട്. യാത്രയിലായിക്കുമ്പോഴും അത് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
പ്രതിസന്ധിയുടെ ഈ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യവും. ശരീരത്തിനെന്ന പോലെ മനസിനെ ശ്രുശ്രൂഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണയിൽ നിന്ന് മാറി പ്രത്യേക മാനസിക അവസ്ഥകളിലൂടെ കടന്ന് പോവേണ്ടി വരുമ്പോൾ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും ഏറെ പ്രധാനപെട്ടതാണ്.
അതുപോലെ തന്നെ വറുതിയുടെ കാലത്ത് പ്രഥമ പരിഗണന നൽകേണ്ട കാര്യമാണ് നല്ല ഭക്ഷണം. നമ്മളും കൂടെയുള്ളവരും അന്യനും അയൽവാസിയും നല്ല ഭക്ഷണം കഴിച്ചു എന്ന് നമ്മൾ ഉറപ്പ് വരുത്തണം. കമ്മ്യൂണിറ്റി കിച്ചണുകളും മറ്റുമായി എന്റെ യൂത്ത് കോൺഗ്രസ്സുകാരും ഇതര യുവജന സംഘടനകളും അതിന് മുന്നിൽ നിൽക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. തുടർന്നും മഹാമാരിയുടെ കാലത്ത് പരസ്പരം കൈതാങ്ങാവാൻ, വിശക്കുന്നവന്റെ വിശപ്പടക്കാൻ മുന്നിലുണ്ടാവും എന്നത് തന്നെയാവണം ഈ യോഗദിനത്തിൽ നാം പ്രതിജ്ഞ എടുക്കേണ്ടത്.
എല്ലാവർക്കും ആരോഗ്യപൂർണമായ ജീവിതം നേരുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.