കെ. സുധാകരൻ തിരികെ ചുമതലയിൽ; ചടങ്ങിൽനിന്ന് വിട്ടുനിന്ന് നേതാക്കൾ
text_fieldsതിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ചുമതലയിൽ തിരിച്ചെത്തി. എന്നാൽ, ഇതിനെചൊല്ലി പാർട്ടിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ തീർന്നില്ല. ആക്ടിങ് പ്രസിഡന്റായി പ്രവർത്തിച്ച എം.എം. ഹസൻ ഉൾപ്പെടെ നേതാക്കളെല്ലാം സുധാകരന്റെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽനിന്ന് കൂട്ടത്തോടെ വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റും തിരക്കുണ്ടാകാമെന്നും എന്നാൽ, ഹസൻ വരേണ്ടതായിരുന്നെന്നും പ്രതികരിച്ച കെ. സുധാകരൻ നേതാക്കൾ വിട്ടുനിന്നതിലെ നീരസം പരസ്യമാക്കുകയും ചെയ്തു. എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷമാണ് സുധാകരൻ ചുമതല ഏറ്റെടുക്കാൻ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയത്.
പോളിങ് കഴിഞ്ഞ ശേഷവും ചുമതല തിരിച്ചുകിട്ടാത്തതിൽ കെ. സുധാകരൻ കടുത്ത പ്രതിഷേധമാണ് ഹൈകമാൻഡിന് മുന്നിൽ ഉയർത്തിയത്. പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് സുധാകരന് ചുമതലയിലേക്ക് പെട്ടെന്ന് തിരിച്ചെത്താൻ ഹൈകമാൻഡ് അനുമതി നൽകിയത്. അക്കാര്യത്തിൽ സുധാകരനെ നീക്കാൻ ശ്രമിക്കുന്ന എതിർവിഭാഗത്തിനുള്ള അതൃപ്തിയാണ് എം.എം ഹസനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽനിന്ന് വിട്ടുനിന്നത് സൂചിപ്പിക്കുന്നത്. എന്നാൽ, പാർട്ടിയിലെ പോര് തൽക്കാലം മറച്ചുപിടിക്കാനാണ് കെ.പി.സി.സിയുടെ നീക്കം. തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് പ്രശ്നമൊന്നുമില്ലെന്ന് കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരിച്ചുവരവ് വൈകിയിട്ടില്ല. ആരോടും പരാതി പറഞ്ഞിട്ടുമില്ല. പുതിയ പ്രസിഡന്റിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി ഉൾപ്പെടെ തുടങ്ങിവെച്ച നടപടികൾ കാര്യക്ഷമമായി ഉടൻ നടപ്പാക്കും. അധ്യക്ഷന്റെ താൽക്കാലിക ചുമതലയിലിരിക്കെ എം.എം. ഹസൻ എടുത്ത ചില തീരുമാനങ്ങൾ ആലോചനയില്ലാതെയാണെന്ന് പറഞ്ഞ കെ. സുധാകരൻ എം.എ. ലത്തീഫിനെ തിരിച്ചെടുത്തതിനെതിരെ പരാതി കിട്ടിയെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.