മുഖ്യമന്ത്രി ആർ.എസ്.എസിന് കീഴടങ്ങി; കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥ -അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിൽ കെ. സുധാകരന്‍
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ആർ.എസ്.എസിനു കീഴടങ്ങിയതുകൊണ്ടാണ് എ.ഡി.ജി.പി അജിത് കുമാറിനെ ഡി.ജി.പിയായി പ്രമോട്ട് ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിര്‍മാണം, സ്വര്‍ണം പൊട്ടിക്കല്‍, പൂരം കലക്കല്‍, ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അജിത്കുമാര്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ മാനസപുത്രനെന്ന നിലയ്ക്ക് ഇതൊന്നും പ്രമോഷന് ബാധകമായില്ല. അജിത്കുമാറിനെതിരേയുള്ള എല്ലാ കേസുകളും വൈകാതെ അവസാനിക്കും. കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥയെന്നും സുധാകരന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിയും കുടുംബവും ജയിലില്‍ പോകാതിരിക്കണമെങ്കില്‍ ഇതാണ് മാര്‍ഗമെന്നാണ് ആർ.എസ്.എസ് നല്കിയ തിട്ടൂരം. ആർ.എസ്.എസുമായി ബന്ധം സ്ഥാപിക്കാന്‍ അജിത് കുമാറിനെ പ്രോത്സാഹിപ്പിച്ചതും മുഖ്യമന്ത്രിയാണ്. ആർ.എസ്.എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍. പോലീസ് മേധാവികള്‍ നടത്തുന്ന ഓരോ നീക്കവും മുഖ്യമന്ത്രി കൃത്യമായി അറിഞ്ഞിരിക്കും. എന്നിട്ടും ഒരിക്കൽ പോലും അജിത്കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
അജിത് കുമാറിനെതിരേ കൃത്യമായ അച്ചടക്ക നടപടി നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പ്രമോഷന്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഭാവിയില്‍ പ്രമോഷന്‍ നല്കുന്നതിനുവേണ്ടിയുള്ള ഒത്തുകളിയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.